മധുര: ആറും എട്ടും വയസ്സുള്ള രണ്ട് ആൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു. മധുര പാലാമേടു സ്വദേശി ടി. കുമാർ(42) ആണ് മക്കളായ സിദ്ധാർഥ്, കോപ്പെരുഞ്ചോലൻ എന്നിവരെ കൊലപ്പെടുത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കുമാറിനെയും മക്കളെയും പെരിയക്കുളം കണ്ണാടി ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്. മൂവരെയും നാട്ടുകാർ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും സിദ്ധാർഥ് വഴിമധ്യേ മരിച്ചു. കുമാറിനെയും മൂത്തമകനെയും പിന്നീട് രാജാജി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മൂത്ത മകനും മരിച്ചു.

മക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തിനൽകിയ ശേഷം അതേ വിഷം കഴിച്ചാണ് കുമാറും ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയുടെ രഹസ്യബന്ധത്തെച്ചൊല്ലിയുള്ള തർക്കവും വിഷമവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കുമാറിന്റെ ഭാര്യയും പഞ്ചായത്തിലെ സൂപ്പർവൈസറായ കനകരാജ് എന്നയാളും തമ്മിൽ രഹസ്യബന്ധമുണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞ കുമാർ ഇരുവരെയും നേരത്തെ വിലക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ കുമാർ പഞ്ചായത്ത് ഓഫീസിലെത്തി കനകരാജിനെ മർദിക്കുകയും അരിവാൾ കൊണ്ട് വെട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കൈയ്ക്ക് വെട്ടേറ്റ കനകരാജും മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights:auto driver attempts to suicide after killing two sons