വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡിലായി. കുമരനെല്ലൂര്‍ തലേക്കര പ്രകാശനാ(40)ണ് റിമാന്‍ഡിലായത്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍, പ്രകാശന്‍ പ്രതിയായ ഒരു കേസില്‍ നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ബന്ധുവിന്റെ വിവാഹവീട്ടില്‍ വഴക്കുണ്ടാക്കി ചികിത്സയ്ക്കാണെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു പ്രകാശന്‍. ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ മാളിയേക്കലിനെ കണ്ടതോടെ കോളറില്‍ പിടിച്ച് ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യുകയായിരുന്നു. അക്രമിയില്‍നിന്ന് രക്ഷപ്പെട്ട ഡോക്ടര്‍ നഴ്സസ് റൂമിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ പ്രകാശന്‍ അവിടെയുണ്ടായിരുന്ന രജിസ്റ്ററുകളും സര്‍ക്കാര്‍രേഖകളും കീറിനശിപ്പിച്ചു. ടെലിഫോണും വലിച്ചെറിഞ്ഞു. ആശുപത്രിയുടെ അത്യാഹിതവിഭാഗം ബോര്‍ഡ് നശിപ്പിച്ചു. ചെടിച്ചട്ടികളെല്ലാം പൊട്ടിച്ചു.

വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലെത്തിയ പോലീസ് പ്രകാശനെ കസ്റ്റഡിയിലെടുത്തു. ഒരുവര്‍ഷംമുമ്പ് പ്രകാശന്‍ പ്രതിയായ ഒരു കേസില്‍ ഡോ. പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ത്രീയെ ബലപ്രയോഗത്തിലൂടെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ഡോക്ടറുടെ റിപ്പോര്‍ട്ടാണ് ജയിലില്‍ പോകാനിടയാക്കിയതെന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വടക്കാഞ്ചേരി പോലീസ് പ്രകാശന്റെ പേരില്‍ ഐ.പി.സി. 341, 353, 506 വകുപ്പുകള്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമത്തിലെ വകുപ്പുകള്‍കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സി.എം.ഒ. ഡോ. പോളിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസിന്റെയും പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.