തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയേയും അച്ഛനേയും പൊതുനിരത്തില്‍ വച്ച് അപമാനിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പട്ടികജാതിക്കാരായ അച്ഛനോടും മകളോടും മോശമായി പെരുമാറിയ രജിത എന്ന കോണ്‍സ്റ്റബിളിനെ സഹായിക്കുന്ന തരത്തിലാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഫോണ്‍ നഷ്ടപ്പെട്ടതിലുള്ള ഉദ്യോഗസ്ഥയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമോ അതിരുകടന്ന പ്രവര്‍ത്തിയോ ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണ്‍ കാണാതായപ്പോള്‍ നോക്കിയശേഷം പ്രതികരിക്കണമെന്ന് മാത്രമാണ് തെറ്റായി ചൂണ്ടിക്കാട്ടുന്നത്. തെറ്റുകാരനല്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍ അയാളോട് മാപ്പ് പറയാത്തതും ശരിയായില്ല.

എന്നാല്‍ വനിതാ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പിങ്ക് പോലീസ് മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയോട് മോഷ്ടാവെന്ന രീതിയിലാണ് സംസാരിച്ചത്. ഫോണ്‍ സ്വന്തം വാഹനത്തിനകത്തു നിന്ന് കിട്ടിയശേഷവും കുട്ടിയോടും പിതാവിനോടും രജിത മോശമായാണ് പെരുമാറിയത്. ജയചന്ദ്രന്‍ കള്ളനാണെന്നും കഴിഞ്ഞ ദിവസം ഇതുപോലെ ചിലര്‍ ഒരു കുട്ടിയെ കൊണ്ടുനടന്ന് മോഷണം നടത്തിയിരുന്നുവെന്നെല്ലാം രജിത ആക്രോശിക്കുന്ന ദൃശ്യങ്ങളുണ്ട്. പെണ്‍കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാരി ആശ്വസിപ്പിച്ചെങ്കിലും രജിത അച്ഛനും മകളും മോഷ്ടാക്കളെന്ന രീതിയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.

ഒടുവില്‍ തൊട്ടടുത്ത വാഹനത്തിലിരുന്നു വീഡിയോ എടുത്തയാള്‍ പുറത്തിറങ്ങി പോലീസിനോട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയത്. ഇതോടെ നാട്ടുകാരും പോലീസിനെതിരേ രംഗത്തെത്തി. ഇത്രയും വിശദമായ വീഡിയോ ഉണ്ടായിട്ടും പിങ്ക് പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റത്തില്‍ നടപടികള്‍ ഒതുക്കിയത്.