തിരുവനന്തപുരം: ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറിയിൽ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പാലം സ്വദേശി ജയൻ എന്ന ജയചന്ദ്രൻ നായരെയാണ് എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇയാളിൽനിന്ന് കഞ്ചാവ് കടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഞായറാഴ്ചയാണ് ആറ്റിങ്ങൽ ദേശീയപാതയിൽ കണ്ടെയ്നർ ലോറിയിൽനിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയത്. ലോറിയിലെ കണ്ടെയ്നറിൽ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വാഹനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും വെറും കാരിയർമാർ മാത്രമാണെന്നാണ് എക്സൈസ് അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയത്. തുടർന്ന് കഞ്ചാവ് അയച്ചവരിലേക്കും കേരളത്തിൽ ഇത് കൈപ്പറ്റുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

Content Highlights:attingal ganja smuggling case main accused caught by excise