തിരുവനന്തപുരം: കേരളത്തിലേക്ക് 502 കിലോ കഞ്ചാവ് കടത്തിയ കേസിൽ എക്സൈസ് തിരയുന്ന രാജുഭായ് എന്ന പഞ്ചാബ് സ്വദേശിക്ക് ആന്ധ്രയിലെ നക്സൽ മേഖലകളിൽ വൻ സ്വാധീനം.

ഹൈദരാബാദിലെ ഭദ്രാചലത്താണ് ഇയാൾ താമസിക്കുന്നത്. കേരളത്തിലേക്കു മാത്രമല്ല, വടക്കേ ഇന്ത്യയിലേക്കും ഇയാൾ വൻതോതിൽ കഞ്ചാവ് കയറ്റി അയയ്ക്കുന്നുണ്ട്. കോരാണിയിൽ എക്സൈസ് പിടിയിലായ ലോറി ഡ്രൈവർ കുൽദീപ് സിങ് ഇയാളുടെ വിശ്വസ്തനാണ്. തോൽപെട്ടി ചെക്പോസ്റ്റിൽ കഴിഞ്ഞമാസം പിടികൂടിയ 90 കിലോ കഞ്ചാവ് രാജുഭായി കൈമാറിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ സ്വദേശി ജിതിൻരാജ് വഴിയാണ് രാജുഭായി കേരളത്തിലേക്കു കഞ്ചാവ് എത്തിച്ചിട്ടുള്ളത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ജയചന്ദ്രനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയചന്ദ്രനും ചേർന്നെടുത്തു.

ബാക്കി 15 ലക്ഷം കഞ്ചാവ് വാങ്ങാൻ താത്‌പര്യം കാണിച്ച കച്ചവടക്കാരിൽനിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടേതടക്കം സഹായം എക്സൈസ് തേടും.

കഞ്ചാവ് ലോറി കാത്തിരുന്നു, പിടികൂടിയപ്പോൾ രക്ഷപ്പെട്ടു

കണ്ടെയ്നർ ലോറിയിൽ 502 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രധാനി ചിറയിൻകീഴ് അഴൂർ മുട്ടപ്പലം ഇടയില അഭയവില്ലേജിൽ ജയചന്ദ്രൻനായരെ (55) എക്സൈസ് പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തു. കഞ്ചാവ് എത്തിച്ച് വിതരണംചെയ്യാൻ ജയചന്ദ്രനാണ് നേതൃത്വം നൽകിയത്.

രഹസ്യസങ്കേതത്തിലേക്ക് കഞ്ചാവ് കൈമാറാൻവേണ്ടി കോരാണിയിൽ ലോറി ഒതുക്കിയിട്ടിരിക്കുമ്പോഴാണ് ഡ്രൈവറെയും സഹായിയെയും എക്സൈസ് പിടികൂടിയത്. ദേശീയപാതയിൽ കാത്തുനിന്ന ജയചന്ദ്രൻ ഇതറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മീൻകച്ചവടം മറയാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യമൊരുക്കിയിരുന്നു.

കണ്ണൂർ സ്വദേശി ജിതിൻരാജുമായി ചേർന്നാണ് കഞ്ചാവ് എത്തിച്ചത്. ഗൾഫിലായിരുന്ന ജയചന്ദ്രൻ നാട്ടിലെത്തി നടത്തിയ ബിസിനസുകൾ പൊളിഞ്ഞതോടെയാണ് കഞ്ചാവ് കടത്തിലേക്കു തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയചന്ദ്രനാണ് കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ പഞ്ചാബി രാജുഭായിയുമായി സംസാരിച്ചിരുന്നത്.

ജിതിൻരാജിന്റെയും രാജുഭായിയുടെയും ഇടനിലക്കാരായിരുന്ന മൈസൂരുവിലെ റിസോർട്ട് ഉടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസിൽ മൈസൂരു പോലീസിന്റെ അറസ്റ്റിലായിട്ടുണ്ട്.

സി.ഐ.മാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ്, ആർ.ജി. രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ടി. ഹരികുമാർ, അനിൽകുമാർ, ആർ. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ജയനെ അറിയുന്നവർ ചുരുക്കം; അറസ്റ്റിൽ ഞെട്ടി മുട്ടപ്പലം ഗ്രാമം

ചിറയിൻകീഴ്: കഞ്ചാവ് കടത്ത് കേസിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്ത ജയചന്ദ്രൻ എന്ന ജയനെ നാട്ടിൽ അറിയുന്നവർ വളരെ ചുരുക്കം. കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് എക്സൈസ് അന്വേഷിക്കുന്ന ചിറയിൻകീഴ് സ്വദേശി ഇയാളാണെന്ന് നാട്ടിലുള്ളവർക്ക് പോലും അറിവില്ലായിരുന്നു. ജയനെ എക്സൈസ് അറസ്റ്റ് ചെയ്ത വാർത്ത പരന്നതോടെ മുട്ടപ്പലത്തുകാർക്കു തന്നെ ആളാരെന്നറിയാൻ അന്വേഷിക്കേണ്ടിവന്നു.

അധികമാരോടും സഹകരിക്കാത്ത സൗഹൃദങ്ങൾ കാര്യമായി ഇല്ലാത്തയാളായിരുന്നു ഇയാൾ. ദീർഘകാലം വിദേശത്തായിരുന്ന ജയൻ രണ്ടുവർഷം മുമ്പാണ് മുട്ടപ്പലത്ത് വീട് പണിഞ്ഞതും സ്ഥിരതാമസമാക്കിയതും. കാര്യമായ ബിസിനസ് ഒന്നും ഇല്ലാത്ത ഇയാൾക്ക് സ്വന്തമായി ഒരു ലോറിയും ഉണ്ടായിരുന്നു. മുൻപ് പോലീസുകാരനുമായുണ്ടായ വാക്ക് തർക്കത്തിൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ ബന്ധമുണ്ടെന്ന സ്ഥിതിയിൽ ജയന്റെ അറസ്റ്റ് വാർത്തകേട്ട് ഞെട്ടിയിരിക്കുകയാണ് മുട്ടപ്പലത്തുകാർ.