തിരുവനന്തപുരം: ആറ്റിങ്ങൽ കഞ്ചാവ് കേസിലെ അന്വേഷണം ബെംഗളൂരുവിലേക്ക്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത് കർണാടകയിൽനിന്നാണെന്ന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ അന്വേഷണത്തിൽ എക്സൈസ് കർണാടക പോലീസിന്റെ സഹായവും തേടും.

ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിൽനിന്നാണ് കർണാടക വഴി കഞ്ചാവ് കേരളത്തിലെത്തുന്നത്. ഇതിനിടെയാണ് ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറിയിൽനിന്ന് 500 കിലോ കഞ്ചാവും എക്സൈസ് സംഘം പിടികൂടിയത്.

ലോറി ജീവനക്കാരായ പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികൾ വെറും കാരിയർമാർ മാത്രമാണെന്നാണ് എക്സൈസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി എല്ലാവരെയും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറും മന്ത്രിയും നിർദേശം നൽകിയിരുന്നു. ബെംഗളൂരുവിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും.

Content Highlights:attingal ganja case investigation extending to bengaluru