തിരുവനന്തപുരം: കണ്ടെയ്നർ ലോറിയിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളുടെ അറസ്റ്റിലൂടെ എക്സൈസ് സംഘം പൊളിച്ചത് ലഹരിക്കടത്തിന്റെ വൻ ശൃംഖലയെ. സംസ്ഥാനാന്തരബന്ധമുള്ള ലഹരിവ്യാപാരസംഘമാണ് അറസ്റ്റിലായത്. മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്ത കേസിന്റെ കുറ്റപത്രം എത്രയുംവേഗം സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 6-ന് പുലർച്ചെയാണ് ദേശീയപാതയിൽ ആറ്റിങ്ങലിനടുത്ത് കോരാണിയിൽ കണ്ടെയ്നർ ലോറി പരിശോധിച്ച എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്. തുടക്കത്തിൽ രണ്ടുപ്രതികളെയാണ് പിടികൂടാനായത്.

തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജി.ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചു. തുടർന്ന് കേസിന്റെ സൂത്രധാരനുൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.

പഞ്ചാബ് സ്വദേശിയായ രാജുഭയ്യ എന്ന മൻദീപ്സിങ്ങിനെ അറസ്റ്റു ചെയ്തത് കേസിലെ നിർണായക വഴിത്തിരിവായി. പന്ത്രണ്ട് കണ്ടെയ്നർ ലോറികൾ ഉൾപ്പെടുന്ന എം.എസ്.വൈ.ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയാണ് മൻദീപ്സിങ്ങെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടെയ്നർ ലോറിയിലെ രഹസ്യ അറയിലൂടെ കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ പ്രതിയാണ്.

ഇയാളിൽനിന്നു കഞ്ചാവു വാങ്ങി കേരളത്തിലേക്കു കടത്തിയിരുന്നത് വടകര സ്വദേശിയായ ജിതിൻരാജാണ്.

ഇയാൾ ഇപ്പോൾ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്. ചിറയിൻകീഴ് സ്വദേശിയായ ജയചന്ദ്രനുമായി ചേർന്നാണ് ജിതിൻരാജ് കേരളത്തിലേക്കു കഞ്ചാവെത്തിച്ചത്. ഇരുതലമൂരി, വെള്ളിമൂങ്ങ, അംബർഗ്രീസ്, സിൽവർമെർക്കുറി, ചന്ദനത്തടി തുടങ്ങിയവയുടെ കച്ചവടമേഖലകളിലെല്ലാം ജിതിൻരാജും ജയചന്ദ്രനും ഒരുമിച്ച് പ്രവർത്തിച്ചതായി എക്സൈസിന് വിവരം കിട്ടിയിട്ടുണ്ട്.

കഞ്ചാവ് കടത്തിയ കേസിൽ ഇവരെ സഹായിച്ച തൃശ്ശൂർ സ്വദേശി സെബുസെബാസ്റ്റ്യൻ, മൈസൂരുവിൽ സ്ഥിരതാമസക്കാരനായ കണ്ണൂർ ഇരിട്ടി സ്വദേശി സജീവ് എന്ന ബാബു എന്നിവരെയും കേസിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രതികൾക്ക് സാമ്പത്തികസഹായം നല്കിയ കണ്ണൂർ സ്വദേശി ആന്ധ്രയിലെ വനമേഖലയിൽ താമസിച്ച് കഞ്ചാവ് തരപ്പെടുത്തി മൻദീപ്സിങ്ങിനു നല്കിയ അബ്ദുള്ള എന്നിവരെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മൈസൂർ പോലീസിന്റെ സഹായവും കേസന്വേഷണത്തിൽ എക്സൈസ് സംഘത്തിന് ലഭിക്കുന്നുണ്ട്.

കോടികൾ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും നഗരൂരിൽനിന്നു പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.

കേസിലെ പ്രധാന പ്രതികളായ ചാവക്കാട് സ്വദേശി, ആലംകോട് സ്വദേശി എന്നിവരെക്കുറിച്ചുള്ള വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.അനിൽകുമാർ, ഇൻസ്പെക്ടർ ടി.ആർ.മുകേഷ്കുമാർ, സി.ഐ.മാരായ ജി.കൃഷ്ണകുമാർ, പ്രദീപ്റാവു, ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്.മധുസൂദനൻനായർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, ഷംനാദ്, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Content Highlights:attingal ganja case