ആറ്റിങ്ങല്‍: സഹകരണസംഘങ്ങളുടെ മറവില്‍ നടന്ന തട്ടിപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ ഇരകളായതായി സൂചന. തട്ടിപ്പുവാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍പ്പേര്‍ പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

സഹകരണവകുപ്പിനു കീഴില്‍ ചിറയിന്‍കീഴ് ഇരട്ടക്കലുങ്ക് കേന്ദ്രമാക്കി ചിറയിന്‍കീഴ് താലൂക്ക് ഓട്ടോറിക്ഷാത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കാല്‍കോസ്) വ്യവസായവകുപ്പിനു കീഴില്‍ ആറ്റിങ്ങല്‍ കേന്ദ്രമാക്കി കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കെ.ടി.എഫ്.ഐ.സി.എസ്. ലിമിറ്റഡ്) രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ചിറയിന്‍കീഴ് സ്വദേശിയായ സജിത്കുമാറാണ് രണ്ടു സംഘത്തിന്റെയും പ്രസിഡന്റ്. ഇയാളാണ് എല്ലാവരില്‍നിന്നു പണം വാങ്ങിയിട്ടുള്ളത്.

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്

ജോലിവാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്ന് സജിത്കുമാര്‍ മൂന്നുലക്ഷം രൂപ വീതം വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. പണം നല്കിയവര്‍ക്ക് കെ.ടി.എഫ്.ഐ.സി.എസിന്റെ വിവിധ ശാഖകളില്‍ ജോലി നല്‍കി. പ്രതിമാസം 10,000 രൂപ ശമ്പളം നല്‍കാമെന്നും ആറു മാസം കഴിഞ്ഞാല്‍ 20,000 രൂപയായി ഉയര്‍ത്തി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഒരുവര്‍ഷംവരെ ജോലി ചെയ്ത പലര്‍ക്കും ഒരു മാസത്തെ ശമ്പളമാണ് നല്‍കിയത്.

ശമ്പളയിനത്തില്‍ ചിലര്‍ക്ക് നല്‍കിയ ചെക്ക് ബാങ്കില്‍നിന്ന് മടക്കിയിട്ടുമുണ്ട്.

മൂന്നുലക്ഷം രൂപ നല്കിയ ചിലര്‍ക്ക് 1.5 ലക്ഷംരൂപയുടെ ബോണ്ട് നല്‍കിയിട്ടുണ്ട്. ഇതു ജോലിയില്‍നിന്ന് പിരിഞ്ഞുപോകുമ്പോള്‍ മടക്കിനല്‍കാമെന്നായിരുന്നു വാഗ്ദാനം. ബാക്കി 1.5 ലക്ഷം രൂപ സംഘത്തിന്റെ ബോര്‍ഡംഗങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുക്കുമെന്നായിരുന്നു പ്രസിഡന്റ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. ഉപജീവനത്തിന് വഴിതുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ആവശ്യപ്പെട്ട പണം എല്ലാവരും നല്‍കിയത്.

സര്‍ക്കാര്‍ സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിച്ചു

ചെറിയ കടമുറികള്‍ വാടകയ്ക്കെടുത്താണ് കെ.ടി.എഫ്.ഐ.സി.എസിന്റെ ശാഖകള്‍ തുറന്നത്. കേരള സര്‍ക്കാര്‍ പൊതുവിതരണകേന്ദ്രം എന്ന ബോര്‍ഡ് വെച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് സംസ്‌കരിച്ച് വിതരണം ചെയ്യുന്നതിന് മാത്രമാണ് സംഘത്തിന് അനുമതിയുള്ളത്. ശാഖകള്‍ ആരംഭിക്കുന്നതിനോ ജീവനക്കാരെ നിയമിക്കാനോ വ്യവസായവകുപ്പിന്റെ അനുമതിയില്ല.

ഇത്തരത്തില്‍ അനധികൃതമായി ആരംഭിച്ച ശാഖകളിലേക്കാണ് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

മസാലപ്പൊടികള്‍, സോപ്പ്, ഉപ്പ് എന്നിവയായിരുന്നു ശാഖകളില്‍ വില്പനയ്ക്കായെത്തിച്ചിരുന്നത്. പ്രതിദിനം ശരാശരി 100 രൂപവരെയായിരുന്നു ഈ സ്ഥാപനങ്ങളില്‍ വിറ്റുവരവുണ്ടായിരുന്നതെന്ന് ജോലി ചെയ്തിരുന്നവര്‍ പറയുന്നു. ഓരോ ശാഖയിലും അഞ്ച് ജീവനക്കാരെവീതം നിയമിച്ചിരുന്നു. പ്രതിമാസം 3000 രൂപ വിറ്റുവരവില്ലാതിരുന്ന സ്ഥാപനത്തിലേക്കാണ് 20,000 രൂപ മാസ ശമ്പളം വാഗ്ദാനം നല്കി അഞ്ചുപേരെവീതം നിയമിച്ചത്.

കെ.ടി.എഫ്.ഐ.സി.എസിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ജില്ലികളില്‍നിന്ന് പണം തട്ടിയതായി സൂചനയുണ്ട്. 6 ലക്ഷം രൂപവരെയാണ് ഇതിന് ആവശ്യപ്പെട്ടിരുന്നത്. നല്‍കുന്ന പണത്തിന്റെ നിശ്ചിതശതമാനം തുകയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുമെന്നും ബാക്കിത്തുക സെക്യൂരിറ്റി നിക്ഷേപമായി നിലനിര്‍ത്തുമെന്നുമാണ് ഫ്രാഞ്ചൈസിക്കായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളത്. വര്‍ക്കല, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി സൂചനയുണ്ട്.

നിയമവിരുദ്ധപ്രവര്‍ത്തനം -വ്യവസായസഹകരണസംഘം രജിസ്ട്രാര്‍

കെ.ടി.എഫ്.ഐ.സി.എസ്. എന്ന സംഘത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് വ്യവസായസഹകരണസംഘം രജിസ്ട്രാര്‍ കൂടിയായ തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ജി.രാജീവ് പറഞ്ഞു. ഒരു പ്രാഥമികസംഘം മാത്രമാണിത്. സര്‍ക്കാര്‍ സ്ഥാപനമെന്ന് ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ജില്ലയ്ക്കകത്തുമാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി. ജീവനക്കാരെ നിയമിക്കണമെങ്കില്‍ രജിസ്ട്രാറുടെ അനുമതി വാങ്ങണം. അതുണ്ടായിട്ടില്ല. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.

സംഘം പ്രസിഡന്റിനെ റോഡില്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചു

തട്ടിപ്പിനിരകളായവരും രക്ഷിതാക്കളും വെള്ളിയാഴ്ച കാല്‍കോസിന്റെ ചിറയിന്‍കീഴ് ഇരട്ടക്കലുങ്കിലുള്ള ഓഫീസിലെത്തി. പത്തുപേരാണ് വെള്ളിയാഴ്ച എത്തിയത്. ഇവര്‍ ഗേറ്റിലെത്തിയപ്പോഴേക്കും ഓഫീസിലുണ്ടായിരുന്ന പ്രസിഡന്റ് സജിത്കുമാര്‍ പുറത്തേക്കു വന്ന് റോഡില്‍ വെച്ച് പരാതിക്കാരുമായി സംസാരിച്ചു. പരാതിക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പണം ലഭിക്കുമെന്ന് ഉറപ്പുലഭിക്കാതെ പോകില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ സജിത്കുമാര്‍ കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ പരാതിക്കാര്‍ ചേര്‍ന്ന് റോഡില്‍ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി സംഘം പൂട്ടി താക്കോല്‍ വാങ്ങുകയും സജിത്കുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചിറയിന്‍കീഴ് സ്റ്റേഷനില്‍ തട്ടിപ്പ് സംബന്ധിച്ച് പരാതികളില്ലാത്തതിനാല്‍ പരാതി നിലവിലുള്ള കടയ്ക്കാവൂര്‍ സ്റ്റേഷനിലേക്ക് സജിത്തിനെ കൈമാറിയതായി ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ് പറഞ്ഞു.