ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങൽ ഗോഡൗണിൽനിന്നു മദ്യം മോഷ്ടിച്ചു കടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കേസിൽ എട്ടു പേർക്ക് നേരിട്ടു പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു. ഇവരിൽ പ്രധാനിയുൾപ്പെടെ ഏതാനും പേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.

കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്ത്(അങ്കെ-47) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഗോഡൗണിൽനിന്നു മോഷ്ടിച്ചു പുറത്തെത്തിച്ച മദ്യം നാലു ദിവസമായി കാറിൽ പ്രത്യേക സങ്കേതത്തിലേക്കു കൊണ്ടുപോയിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ആവശ്യക്കാർക്കു മദ്യമെത്തിച്ചിരുന്നതും ഇയാളുടെ കാറിലായിരുന്നു. മദ്യം കടത്താനുപയോഗിച്ച ഫോർ രജിസ്ട്രേഷൻ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിൽനിന്നും രജിത്തിന്റെ വീട്ടിൽനിന്നുമായി ആറു കുപ്പി വിദേശമദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യം ഗോഡൗണിൽനിന്നു നഷ്ടപ്പെട്ടതാണെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 130 പെട്ടികളിലെ 1170 ലിറ്റർ മദ്യമാണ് നഷ്ടപ്പെട്ടത്. വർക്കല മൂങ്ങോടിനു സമീപം കാറിൽ കടത്തിയ മദ്യം എക്സൈസ് സംഘം 20-ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് ഗോഡൗണിൽ നടന്ന വമ്പൻ മോഷണം വെളിച്ചത്തുകൊണ്ടുവന്നത്. തുടർന്ന് എക്സൈസും പോലീസും ചേർന്നു വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റുണ്ടായത്.

മേയ് ഒൻപതു മുതൽ ഒന്നിടവിട്ട ആറു ദിവസങ്ങളിലായാണ് മോഷണം നടന്നതെന്ന് ഗോഡൗണിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി. ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വർക്കലയിലെ ഒരു റിസോർട്ടിൽനിന്നാണ് രജിത്തിനെ പിടികൂടിയത്.

ബൈക്കിൽ ഗോഡൗണിന്റെ പിന്നിലെത്തി, സമീപത്തെ കൊന്നമരം വഴി മേൽക്കൂരയിലിറങ്ങി ഷീറ്റുയർത്തി അകത്തുകടന്നാണ് സംഘം മോഷണം നടത്തിയത്. ഇവർ ഗോഡൗണിനു പുറത്തെത്തിക്കുന്ന മദ്യം രജിത്തും സുഹൃത്തും ചേർന്ന് കാറിൽ കയറ്റി വർക്കലയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിരവധിയാളുകൾ രജിത്തിന്റെ പക്കൽനിന്നു മദ്യം വാങ്ങിയിട്ടുണ്ട്.