ആറ്റിങ്ങല്‍: ഇരുപതു വര്‍ഷത്തിലധികമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ക്കഴിഞ്ഞുവന്ന ഗുണ്ടാത്തലവന്‍ അറസ്റ്റില്‍. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം പുഷ്പഗിരി വീട്ടില്‍നിന്ന് ആറ്റിങ്ങല്‍ ബി.ടി.എസ്. റോഡ് സുബ്രഹ്മണ്യ വിലാസത്തില്‍(പാലസ് റോഡില്‍, ശബരി വീട്) ബിജു എന്ന ആറ്റിങ്ങല്‍ അയ്യപ്പനാ(50)ണ് പിടിയിലായത്.

കൊലപാതകമടക്കം സംസ്ഥാനത്താകെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളെ കോട്ടയം പൊന്‍കുന്നത്തെ ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്.

കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളില്‍ പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ മേല്‍വിലാസത്തിലൂടെ കരസ്ഥമാക്കിയ പാസ്പോര്‍ട്ടുപയോഗിച്ച് ഇയാള്‍ ഇടയ്ക്ക് വിദേശത്തേക്കു കടന്നിരുന്നു. നേപ്പാള്‍, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നുപോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ബെംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറിമാറി ഒളിവില്‍ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാള്‍ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കടയ്ക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടന്‍ എന്നയാളെ സംഘംചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുമൂട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രധാന പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, മെഡിക്കല്‍ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പോലീസ് സ്റ്റേഷന്‍ പരിധികളിലെ വധശ്രമം അടക്കം നിരവധി കേസുകളിലെയും പിടികിട്ടാപ്പുള്ളിയായിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് അയ്യപ്പനെ സാഹസികമായി പിടികൂടിയത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ബി.ഗോപകുമാര്‍, ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്.ഐ. ജ്യോതിഷ് ചിറവൂര്‍, പ്രത്യേക സംഘത്തിലെ എസ്.ഐ. എം.ഫിറോസ്ഖാന്‍, ബിജു എ.എച്ച്., എ.എസ്.ഐ.മാരായ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍, സി.പി.ഒ. സുധീര്‍, സുനില്‍രാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Content Highlights: attingal ayyappan arrested by police