ഗാന്ധിനഗർ(കോട്ടയം): ചികിത്സയുടെ ഭാഗമായി വയറുകഴുകൽ നടത്തുന്നതിനിടയിൽ രോഗിയെ പീഡിപ്പിച്ചു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം അറ്റൻഡറായ നാരായണനെ (50) ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ജൂൺ 20-ന് ഗുളിക ഉള്ളിൽ ചെന്നത് സംബന്ധിച്ച് ചികിത്സയ്ക്കെത്തിയ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ചികിത്സയുടെ ഭാഗമായി വയറുകഴുകാൻ ഡോക്ടർ നിർദേശിച്ചു. മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരു ജീവനക്കാരിയും സ്ത്രീകളായ രണ്ട് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.ചികിത്സയ്ക്കിടയിൽ നനഞ്ഞ വസ്ത്രം വൃത്തിയാക്കാൻ സ്ത്രീകളും ജീവനക്കാരിയും പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

രണ്ടുദിവസം മുമ്പ് രോഗി വിവരം ഭർത്താവിനെ അറിയിക്കുകയും ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരൻ അറസ്റ്റിലായത്. ഇയാളെ മുൻപും ചില പ്രശ്നങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനും വകുപ്പുതല നടപടിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.