കൊച്ചി: കാറിൽ അമിത വേഗത്തിൽ ആളെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പിൽ ലൂതർ ബെൻ (30), കൊച്ചി നസ്രത്ത്, പീടികപറമ്പിൽ ജോൺ പോൾ (33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പനമ്പിള്ളി നഗറിനടുത്ത് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പുതിയ കെട്ടിടത്തിനു സമീപമാണ് സംഭവം.
പെരുമ്പാവൂർ സ്വദേശി വിനീതിനെ ഭീഷണിപ്പെടുത്തി പ്രതികൾ പണം തട്ടിയെടുത്തു. കൂടുതലായി അഞ്ചു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് വിനീതിന്റെ തന്നെ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് വിനീത് ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇതോടെ വിനീത് ആളെ കൂട്ടി തങ്ങളെ പിടികൂടും എന്ന ഭയത്തിൽ പ്രതികൾ കാറിന്റെ വേഗം കൂട്ടി. ഇതിനിടെയാണ് ബൈക്ക് യാത്രക്കാരനായ കുമ്പളങ്ങി സ്വദേശി ആലുംപറമ്പിൽ തോമസിനെ (59) ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ തെറിച്ചുവീണ തോമസിന്റെ കഴുത്തിലൂടെ കാർ കയറി. ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് രാത്രി 11-ഓടെ മരിച്ചു.
തോമസിനെ ഇടിച്ചതിനു ശേഷം, തട്ടിയെടുത്ത കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ പ്രതികൾ ചാലക്കുടിക്കും അവിടെ നിന്ന് പാലക്കാട്ടേക്കും കടന്നു. ഇതിനിടെ ഒളിച്ചുതാമസിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്നാണ് പോലീസ് ഇവരെ പിടിച്ചത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകൾ പ്രതികൾക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ.എസ്. റോയി എ.എസ്.ഐ. അനിൽകുമാർ, സീനിയർ സി.പി.ഒ. അനിൽകുമാർ, സി.പി.ഒ.മാരായ മഹേഷ്, പ്രശാന്ത്, അനിൽ, സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജോണ്‍പോള്‍, ലൂതര്‍ ബെന്‍
ഉറക്കമിളച്ച് പോലീസ്, വെളുപ്പിന് പ്രതികൾ പിടിയിൽ
കാറിൽനിന്നു ചാടി തെറിച്ചുവീണ വിനീത് സമീപത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചു. പ്രതികളെ വിനീതിന് നേരത്തെ അറിയാമായിരുന്നതിനാൽ പോലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. മുമ്പ് പല കേസുകളിൽ ഉൾപ്പെട്ടിരുന്നതിനാൽ പ്രതികളുടെ നീക്കം പോലീസിന് വേഗം മനസ്സിലാക്കാനായി. ഇതോടെ ചൊവ്വാഴ്ച രാത്രി പത്തിനു തന്നെ പ്രതികളെ വലയിലാക്കാൻ സൗത്ത് എസ്.ഐ. റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുറപ്പെട്ടു. ചാലക്കുടി കടന്ന് പാലക്കാട്ടേക്ക് കടക്കാനൊരുങ്ങി നിന്നിരുന്ന പ്രതികളെ ബുധനാഴ്ച വെളുപ്പിന് 5.45- ഓടെ പിടികൂടി കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഫെയ്സ്ബുക്കിൽ തുടങ്ങിയ തർക്കം
വിനീതിന് ഫെയ്സ്ബുക്കിലെ ചിലരുമായുള്ള ബന്ധം സംബന്ധിച്ച് മാസങ്ങൾക്കു മുമ്പ് പ്രതികളുമായി പ്രശ്നം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച പനമ്പിള്ളി നഗറിൽ വച്ച് വിനീതിനെ പ്രതികൾ പിടികൂടി ക്രൂരമായി മർദിച്ചു. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഫോർട്ട്‌കൊച്ചിയിൽ കൊണ്ടുപോയി കൊന്നുകളയുമെന്നു പറഞ്ഞാണ് കാറിൽ തട്ടിക്കൊണ്ടുപോയതെന്ന് വിനീത് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
Content Highlight: attempt to kidnap