തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ ഭാഗമായി അട്ടക്കുളങ്ങര ജയിലിനു മുന്നില്‍ യുവാവിനെ ബോംബെറിഞ്ഞുകൊന്ന കേസിലെ പ്രതി കരാട്ടെ ഫാറൂഖ്(50) മരിച്ചു. ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന ഫാറൂഖ് ചികിത്സയ്ക്കായി പരോളിലായിരുന്നു. വള്ളക്കടവ് പ്രിയദര്‍ശിനി നഗര്‍ തോപ്പിനകം വീട്ടില്‍ ഹൃദയാഘാതത്താലായിരുന്നു മരണം. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 1999 ജൂലായ് 16-ന് അട്ടക്കുളങ്ങര സബ്ജയിലിനു മുന്നില്‍ നടന്ന കൊലപാതകം. കോടതിയില്‍നിന്ന് പോലീസ് ജയിലിലേക്കു കൊണ്ടുവരികയായിരുന്ന എല്‍.ടി.ടി.കബീര്‍ എന്ന ഗുണ്ടാനേതാവിനെ ജയില്‍ കവാടത്തിനു മുന്നില്‍വെച്ച് ഫാറൂഖും സംഘവും ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.

ബോംബേറില്‍ തല തകര്‍ന്നായിരുന്നു കബീറിന്റെ മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റു. അടുത്തിടെ പുറത്തിറങ്ങിയ 'മാലിക്ക്' സിനിമയില്‍ ഈ സംഭവത്തിനു സമാനമായ രംഗം ഉള്‍പ്പെടുത്തിയിരുന്നു.

കരാട്ടെ ഫാറൂഖിന്റെ സംഘാംഗമായിരുന്ന കബീര്‍, ഫാറൂഖുമായി തെറ്റിപ്പിരിഞ്ഞതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്കു പിന്നില്‍. കൊലപാതകത്തിനു ശേഷം ഒളിവിലായ ഫാറൂഖിനെയും സഹായി സത്താറിനെയും മാസങ്ങള്‍ക്കു ശേഷമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും തിരുവനന്തപുരം സെഷന്‍സ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു.

എന്നാല്‍, പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ഫാറൂഖ് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടെത്തിയത് വിവാദമായിരുന്നു. 2014-ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്കു മാറ്റി. ഹൃദ്രോഗിയായ ഫാറൂഖിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ചികിത്സയ്ക്കായി ജയില്‍ ഉപദേശകസമിതി പരോള്‍ അനുവദിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയപ്പോഴാണ് ഫാറൂഖിന് ചികിത്സയ്ക്കായി വീട്ടില്‍ പോകാന്‍ അനുമതി ലഭിച്ചത്. വീട്ടില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

നടുക്കം മാറാത്ത ബോംബേറ്...

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാ കുടിപ്പകയുടെ ചരിത്രത്തിലെത്തന്നെ കോളിളക്കം സൃഷ്ടിച്ചതാണ് അട്ടക്കുളങ്ങര ജയിലിനു മുന്നിലെ കൊലപാതകം. ഇന്നും തലസ്ഥാനവാസികള്‍ക്കത് ഞെട്ടിക്കുന്ന ഓര്‍മയാണ്. കേസിലെ ഒന്നാംപ്രതി കരാട്ടെ ഫാറൂഖ് മരിച്ചെങ്കിലും തൊണ്ണൂറുകളിലെ ആ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യം കുറ്റകൃത്യ ചരിത്രത്തില്‍ മായാതെ നില്‍ക്കും.

1999 ജൂലായ് 16-നായിരുന്നു എല്‍.ടി.ടി.കബീറെന്ന ഗുണ്ടാനേതാവിനെ ഫാറൂഖും സംഘവും പട്ടാപ്പകല്‍ അട്ടക്കുളങ്ങര ജയിലിനു മുന്നില്‍വെച്ച് ബോംബെറിഞ്ഞ് കൊന്നത്. തൊണ്ണൂറുകളില്‍ തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും തുടര്‍സംഭവമായിരുന്നു അത്. പോലീസ് അകമ്പടിയോടെ വന്ന കബീറിനെയാണ് ജയിലിനു മുന്നില്‍വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. തല തകര്‍ന്ന് ചോരയില്‍ മുങ്ങിയ മൃതദേഹത്തിന്റെ നടുക്കുന്ന ചിത്രങ്ങള്‍ അടുത്തദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഫാറൂഖിന്റെ സംഘാംഗമായിരുന്ന കബീര്‍ പിന്നീട് തെറ്റിപ്പിരിഞ്ഞ് മറ്റൊരു ഗുണ്ടാസംഘത്തിന്റെ നേതാവായതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.

എ.എസ്.ഐ. കൃഷ്ണന്‍കുട്ടിയെ വധിച്ച കേസിലെ പ്രതിയായിരുന്നു കബീര്‍. കബീറിനെ കൃഷ്ണന്‍കുട്ടി ക്രിമിനല്‍ കേസില്‍ കസ്റ്റഡിയിലെടുത്തതിന്റെ വിരോധമായിരുന്നു കൊലയ്ക്കു കാരണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട കബീര്‍ പുറത്തിറങ്ങിയാല്‍ ഫാറൂഖിനെ വധിക്കുമെന്ന് പ്രചാരണമുണ്ടായി.

ഇതോടെയാണ് കബീറിനെ കൊലപ്പെടുത്തുവാനുള്ള അണിയറനീക്കങ്ങളിലേക്ക് ഫാറൂഖ് കടന്നത്. കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കി. ആറ്റിങ്ങല്‍ കോടതിയിലേക്ക് ബസിലായിരുന്നു പോലീസ് അകമ്പടിയോടെ കബീര്‍ പോയത്. ഇവരെ പിന്തുടര്‍ന്ന് ഫാറൂഖും സംഘവുമുണ്ടായിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വെച്ചും ആറ്റിങ്ങല്‍ കോടതി പരിസരത്തുവെച്ചും കൊലപാതകം നടത്താന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. ഒടുവില്‍ അട്ടക്കുളങ്ങര ജയിലിനു മുന്നില്‍വെച്ച് കൊലപാതകം നടത്തി. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു ഫാറൂഖ്. എന്നാല്‍ ജയിലില്‍ എത്തിയ ഫാറൂഖ് ശാന്തശീലനായിരുന്നു. ചിത്രം വരയ്ക്കാനുള്ള കഴിവ് ജയിലില്‍ വെച്ച് പുറത്തെടുത്തു. ജയിലില്‍ വെച്ച് തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ഫാറൂഖ് താജ്മഹല്‍ രൂപം നിര്‍മിച്ചു. അന്നത്തെ ജയില്‍ ഡി.ജി.പി.യായിരുന്ന എം.ജി.എ. രാമന് ഇത് സമ്മാനിച്ചത് വാര്‍ത്തയായിരുന്നു.