ചവറ സൗത്ത്: ഇരുചക്രവാഹനങ്ങളില്‍നിന്ന് പണം കവര്‍ന്നുവന്നയാളെ പോലീസ് പിടികൂടി. കൊറ്റങ്കര മാടന്‍കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന അയത്തില്‍ ഹസീന മന്‍സിലില്‍ അബ്ദുള്‍ ഖാദറി(57)നെയാണ് സിറ്റി പോലീസ് കമ്മിഷണറുടെ ഷാഡോ പോലീസ് എസ്.ഐ. എസ്.വിപിന്‍കുമാര്‍, ചവറ തെക്കുംഭാഗം എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

തേവലക്കര സ്വദേശി വിജയന്‍ പിള്ളയുടെ സ്‌കൂട്ടറില്‍നിന്ന് 1,46,000 രൂപ നഷ്ടപ്പെട്ട പരാതിയിലാണ് അറസ്റ്റ്. തേവലക്കര സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് കഴിഞ്ഞമാസം 23ന് വിജയന്‍പിള്ള പണമെടുത്ത് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചിരുന്നു. തുടര്‍ന്ന് പുത്തന്‍സങ്കേതത്തിലെത്തിയ അദ്ദേഹം 4,000 രൂപ എടുത്തശേഷം പഴയതുപോലെ സീറ്റിനടിയില്‍ പണംവച്ച് സമീപത്തെ കടയിലേക്ക് പോയി. ഈ സമയത്താണ് പണം നഷ്ടമായത്. ബാങ്കില്‍നിന്ന് വിജയന്‍ പിള്ളയെ പിന്തുടര്‍ന്നെത്തിയ അബ്ദുള്‍ ഖാദര്‍ പണം അപഹരിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍നിന്ന്, പണം അപഹരിച്ചത് അബ്ദുള്‍ ഖാദറാണെന്ന് മനസ്സിലാക്കി. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളിയിലെ വ്യാപാരിയുടെ സ്‌കൂട്ടറില്‍നിന്ന് അഞ്ചുലക്ഷം രൂപ ഇത്തരത്തില്‍ അബ്ദുള്‍ഖാദര്‍ കവര്‍ന്നിരുന്നു. അന്നും സുരക്ഷാ ക്യാമറയിലൂടെ മനസ്സിലാക്കിയാണ് ഇയാളെ പിടിച്ചത്. ചവറ കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ ഖാദറിനെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണസംഘത്തില്‍ നന്ദകുമാര്‍, റിബു എന്നിവരും ഉണ്ടായിരുന്നു.