ശാസ്താംകോട്ട : ശാസ്താംകോട്ട ഡി.ബി.കോളേജിനുസമീപം കുന്നുംപുറത്ത് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഡി.ബി. കോളേജിനുസമീപം ഷീലാഭവനത്തിൽ അജിത്ത് (22), രാജഗിരി പുത്തൻവീട്ടിൽ സ്റ്റെറിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട പോലീസിന്റെ സമയോചിതമായ ഇടപെടലും സമഗ്രാന്വേഷണവുമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ സഹായിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ടിന് നടന്ന ആക്രമണത്തിൽ വലിയ നാശനഷ്ടമാണുണ്ടായത്. രണ്ട് ബൈക്കുകൾ തീയിട്ടുനശിപ്പിച്ചു. ഒരു ബൈക്ക് ഭാഗികമായി കത്തിച്ചു. കോളേജ് റോഡിലെ പോലീസിന്റെ സി.സി.ടി.വി.ക്യാമറ തകർത്തു. ഇവിടെ പോലീസ് പടികൂടി സൂക്ഷിച്ചിരുന്ന ലോറിയുടെ സീറ്റ് കത്തിച്ചു. ശാസ്താംകോട്ട ചന്തയിൽ കിടന്ന കാറിന് കേടുവരുത്തി. മൂന്നു വീടുകളിലെ വൈദ്യുത ഫ്യൂസുകൾ ഊരിയെടുത്തു. പ്രദേശത്ത് മണിക്കൂറോളം പ്രതികൾ അഴിഞ്ഞാടുകയായിരുന്നു.

ഡോഗ് സ്ക്വാഡ്, ഫൊറൻസിക് സംഘം, വിരലടയാളവിദഗ്ധർ എന്നിവർ രാവിലെതന്നെ സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചത് പ്രതികളെ വേഗത്തിൽ പിടികൂടുന്നതിന് സഹായകമായി.

ശാസ്താംകോട്ട എസ്.എച്ച്.ഒ. എ.ബൈജു, എസ്.ഐ. ശ്രീകുമാർ, ഗ്രേഡ് എസ്.ഐ.മാരായ പ്രസന്നൻ, പോൾ, ഹാരിസ്, എ.എസ്.ഐ.മാരായ പ്രമോദ്, വിജയൻ, എസ്.ഐ. ട്രയിനി രാജേഷ്, സിവിൽ പോലീസ് ഓഫീസർ അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ആക്രമണത്തിനു കാരണം പരിഹാസം

കേസിലെ ഒന്നാംപ്രതിയായ അജിത്തിനോട് നാട്ടുകാർ കാണിക്കുന്ന അവഗണനയും അവഹേളനവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കുറ്റസമ്മതമൊഴിലുള്ളതായി പോലീസ് അറിയിച്ചു. റോഡിലൂടെ പോകുമ്പോൾ പ്രദേശവാസികളിൽ പലരും പരിഹസിക്കുന്നത് പതിവായി. ഇതിലുള്ള അപകർഷബോധവും വിരോധവുമാണ് അയൽപക്കത്തെ വീട്ടിൽ ആക്രമണം നടത്തുന്നതിന് പ്രേരകമായതെന്നും മൊഴിയിലുണ്ട്.