പാലിയേക്കര: ടോൾപ്ലാസ ജീവനക്കാരനെ കുത്തിയ സംഭവത്തിൽ നാലുപേർ പിടിയിൽ. അങ്കമാലി മൂക്കന്നൂർ കരേടത്ത് വീട്ടിൽ മിഥുൻ (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര ഇഞ്ചയ്ക്കൽ വീട്ടിൽ ഇഖിലാസ് (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കൽ കളപറമ്പിൽ വീട്ടിൽ എബിൻ (23), കൊരട്ടി തിരുമുടിക്കുന്ന് താളയത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (21) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. ടോൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ഒളിവിൽപോയ ഇവരെ വിവിധ സ്ഥലങ്ങളിൽനിന്നുമാണ് പിടികൂടിയത്. മീൻ വാങ്ങാൻ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും തിരികെ വരുമ്പോൾ കാറിന് ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തർക്കമുണ്ടായി. അടിപിടിയിൽ മർദനമേറ്റ സംഘം ക്രോസ് ബാർ ഉയർത്തി ടോൾ നൽകാതെ കടന്നുപോയി. അങ്കമാലിയിലെ വീട്ടിലെത്തിയ മിഥുൻ കത്തിയും മറ്റ് ആയുധങ്ങളുമെടുത്ത് ബന്ധുവായ ഇഖിലിസിനെയും സുഹൃത്തുക്കളെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി.

ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാർ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചശേഷം ഇവർ മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈൽഫോണുകൾ വീട്ടിൽവെച്ച ശേഷമാണ് ഇവർ ഒളിവിൽ പോയത്.

മുംബൈയിലേക്ക് കടക്കാനായിരുന്നു പദ്ധതി. പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.ഐ. ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. മാരായ റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ. ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ ഷീബാ അശോകൻ, ജിജോ പി.എം., വിനോദ് കുമാർ സി.ബി., ജോയി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ആക്രമണം പകർത്തി യൂട്യൂബിൽ അപ് ലോഡ് ചെയ്യാൻ ശ്രമിച്ചു

ടോൾ പ്ലാസയിലെ ആക്രമണം മൊബൈൽ ഫോണിൽ പകർത്തിയെന്നും ഓൺലൈൻ ഗെയിമിനായി യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചെന്നും പോലീസ്.

പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ കൃഷ്ണപ്രസാദാണ് മാറിനിന്ന് രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. ഫ്രീ ഫയർ എന്ന വീഡിയോ ഗെയിമിന്റെ പണമടയ്ക്കുന്നതിനുവേണ്ട തുക സമ്പാദിക്കാനായിരുന്നു ഇത്. ഫ്രീ ഫയർ പതിവായി കളിക്കുന്ന കൃഷ്ണപ്രസാദ് ചിത്രീകരിച്ച ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു.