തിരുവനന്തപുരം: ജയില്‍വാസത്തിനിടെ റിമാന്‍ഡ് പ്രതിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. പെരുംകുഴി മംഗ്ലാവില്‍ വീട്ടില്‍ എന്‍.ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ജെ.ബി.കോശിയുടെ ഈ ഉത്തരവ്.

policeകോടതിയില്‍നിന്ന് റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലെത്തിയ തന്റെ കൈ ജയില്‍ ഉദ്യോഗസ്ഥര്‍ റൂള്‍ത്തടി കൊണ്ട് അടിച്ചൊടിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ കമ്മിഷന്റെ നിര്‍ദേശാനുസരണം അധികൃതര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ കുറ്റം നിഷേധിച്ചിരുന്നു.

ഒരാള്‍ കസ്റ്റഡിയിലൊ ജയിലിലൊ ആയിരിക്കുമ്പോള്‍ അയാള്‍ സര്‍ക്കാര്‍ കസ്റ്റഡിയിലാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ചന്ദ്രന്റെ കൈയ്ക്ക് ഒടിവില്ലായിരുന്നു. കൈ വേദനയെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ വൈദ്യ പരിശോധനപോലും നടത്തിയില്ല.

നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം ചോദിച്ച് സര്‍ക്കാരിന് ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2015 മാര്‍ച്ച് 24ന് ആയിരുന്നു സംഭവം.