അന്തിക്കാട്: ബിവറേജസ് ഔട്ട്ലെറ്റിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരിമ്പൂര്‍ പണിക്കെട്ടി രാകേഷ് (കുഞ്ഞന്‍-43) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഇയാള്‍ ബിവറേജസ് ഔട്ട്ലെറ്റിലെത്തി ക്യൂവില്‍ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് തട്ടിക്കയറി.

മദ്യം ലഭിക്കാതായപ്പോള്‍ ബില്ലിങ് മെഷീന്‍ വലിച്ചെറിഞ്ഞ് തകര്‍ത്തു. തുടര്‍ന്ന് വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജയിലില്‍ നിന്ന് പരോളിലിറങ്ങിയ രാകേഷ്, പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഐനസ് ആന്റണി വധത്തില്‍ ഒമ്പതാം പ്രതിയാണ്. അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സോണി, ഷറഫുദ്ദീന്‍, സിജു, കമല്‍കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.