പുതുക്കാട്(തൃശ്ശൂര്‍): കണ്ണമ്പത്തൂരില്‍ ബൈക്കിലെത്തിയയാള്‍ ആക്രിക്കടക്കാരനെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് അരലക്ഷം രൂപ കവര്‍ന്നു. മുളയം സ്വദേശി മന്നത്ത് ജയാനന്ദനാ(52)ണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

പെണ്‍കുട്ടിയോടൊപ്പം എത്തിയയാള്‍ ബൈക്ക് ഗേറ്റിനുപുറത്തുവെച്ച് അകത്തു കടക്കുകയും ഓഫീസിലെ മേശയില്‍നിന്ന് പണമെടുക്കുകയുമായിരുന്നു. പുറത്തുകടക്കുന്നതിനിടെ സ്ഥാപനത്തിന്റെ പറമ്പില്‍ നിന്നിരുന്ന ജയാനന്ദന്‍ ഗേറ്റിനു സമീപത്തുവച്ച് മോഷ്ടാവിനെ പിടികൂടി. പിടിവലിക്കിടെ പറമ്പില്‍ക്കിടന്ന ഇരുമ്പുകമ്പിയെടുത്ത് ജയാനനന്ദനെ ആക്രമിച്ച ശേഷം ബൈക്കുമായി ഇയാള്‍ രക്ഷപ്പെട്ടു.

ചുവന്ന നിറത്തിലുള്ള ബൈക്കിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ജയാനന്ദന്‍ പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും പുതുക്കാട് പോലീസും സ്ഥലത്തെത്തിയപ്പോള്‍ ജയാനന്ദന്‍ ചോരയൊലിച്ചുനില്‍ക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

സമീപത്തെ സ്ഥാപനത്തിന്റെ നിരീക്ഷണക്യാമറയില്‍നിന്ന് അക്രമിയെന്ന് സംശയിക്കുന്നയാളുടെ ബൈക്കിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തര കിലോ കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പത്തര കിലോ കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിയെ കണ്ണൂര്‍ നഗരത്തില്‍ പോലീസ് പിടികൂടി. ചാലക്കുടി മറ്റത്തൂര്‍ സ്വദേശി ജെമ്മന്‍ എന്ന ജയിംസി (38)നെയാണ് കണ്ണൂര്‍ കാല്‍ടെക്‌സില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 10.400 കി. ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, ടൗണ്‍ എസ്.ഐ. അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

തൃശ്ശൂര്‍ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു വധശ്രമക്കേസില്‍ ഒഡിഷയിലെ കഞ്ചാവ് വളര്‍ത്തുന്ന സംഘത്തോടൊപ്പം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെട്ടു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ലക്ഷത്തോളം രൂപ വിലവരും.