മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനമാണ് മലപ്പുറംജില്ലയ്ക്ക്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 2335 കേസുകളാണ് പോലീസിന് മുന്‍പിലെത്തിയിട്ടുള്ളത്. ഇതില്‍ 235 എണ്ണം ബലാത്സംഗക്കേസുകള്‍. എന്നിട്ടും ഒന്നരവര്‍ഷംമുന്‍പ് പ്രഖ്യാപിച്ച വനിതാ പോലീസ് സ്റ്റേഷന്‍ ഇനിയും യാഥാര്‍ഥ്യമായില്ല.

womenസ്ത്രീകളുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാക്കാനാണ് വനിതാ പോലീസ്സ്റ്റേഷന്‍ ജില്ലാ ആസ്ഥാനത്ത് തുടങ്ങാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചത്.ആറുമാസക്കാലയളവിനുള്ളില്‍ 266 ഗാര്‍ഹിക പീഡനക്കേസുകളും റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. പരാതിയായി പോലീസ്സ്റ്റേഷനുകളിലെത്താത്ത സംഭവങ്ങളുടെ കണക്കെടുത്താല്‍ എണ്ണം ഇനിയുംകൂടും.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും ജില്ല പിറകോട്ടല്ല. ജനസംഖ്യയിലും വിസ്തൃതിയിലും അതിക്രമക്കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടും വനിതാ പോലീസ്സ്റ്റേഷന്‍ എന്ന ആവശ്യത്തിന് പരിഹാരമായില്ല.

കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ത്തന്നെ വനിതാസെല്‍ കെട്ടിടത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങാന്‍ ജില്ലാതലത്തില്‍ ധാരണയിലെത്തുകയുംചെയ്തു. എന്നാല്‍ വനിതാ പോലീസ്സ്റ്റേഷന്‍ പ്രവര്‍ത്തനം ഫയലില്‍ത്തന്നെയായിരുന്നു. പോലീസ്സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഇവിടെനിന്നാകും. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ എത്തിയിട്ടില്ലാത്തതും പ്രവര്‍ത്തനം വൈകിയതിന് കാരണമായി പറയുന്നു.

ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ ലഭ്യമല്ലാത്തത് വെല്ലുവിളിയാണെങ്കിലും നിലവിലുള്ളവരെ കാര്യക്ഷമമായി വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ല. ആകെ 36വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനായി നിയോഗിക്കേണ്ടത്. ഒരു സബ് ഇന്‍സ്പെക്ടര്‍, രണ്ട് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, 25 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് കണക്ക്.

നവംബറില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് പ്രതീക്ഷ - ജില്ലാ പോലീസ് മേധാവി

വനിതാ പോലീസ്സ്റ്റേഷന്‍ തുടങ്ങുന്നതിനാവശ്യമായരീതിയില്‍ വനിതാസെല്‍ കെട്ടിടത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ്മേധാവി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു.

സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ രീതിയിലാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എണ്‍പത് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ ലഭ്യമായ ഉദ്യോഗസ്ഥരെയാണ് സ്റ്റേഷന്‍ നടത്തിപ്പിന് നിയോഗിക്കുക. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമാണെങ്കിലും ഇതു സംബന്ധിച്ച് അന്തിമതീരുമാനം ലഭിച്ചിട്ടില്ല. നവംബറില്‍ത്തന്നെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.