കോയമ്പത്തൂർ: മലയാളി വനിത ഇൻസ്പെക്ടറുടെ ഭർത്താവിനെ ആക്രമിച്ച സംഘം കാറുമായി കടന്നുകളഞ്ഞു. കോയമ്പത്തൂർ കുനിയംമുത്തൂർ സിന്ധുനഗറിലെ താമസക്കാരായ ജെ. വിൻസെന്റ് കുമാറിനെയാണ് (48) ക്രൂരമായി ആക്രമിച്ചത്. ഈറോഡ് ഗോപിചെട്ടിപ്പാളയം ട്രാഫിക് ഇൻസ്പെക്ടറായ സജിനിയുടെ ഭർത്താവാണ് വിൻസെന്റ്.

ചൊവ്വാഴ്ച രാവിലെ 7.45-ഓടെ മധുക്കര മരപ്പാലത്തിനടുത്താണ് സംഭവം. പാലക്കാട്ട് ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനമുള്ള വിൻസെന്റിന് അവിടെ വീടുമുണ്ട്. പുലർച്ചെ പാലക്കാട്ടുനിന്ന് ഭാര്യയെ കോയമ്പത്തൂർ ഗാന്ധിപുരത്ത് എത്തിച്ചശേഷം മടങ്ങുന്നതിനിടെയാണ് വിൻസെന്റിനുനേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് മറ്റൊരുകാറിൽ ഇടിച്ചുകയറിയ അക്രമിസംഘം വിൻസെന്റിനെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കയായിരുന്നു. തുടർന്ന്, കാറുമായി കടന്നുകളഞ്ഞു.

പരിക്കേറ്റ വിൻസെന്റിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനെയും അക്രമിസംഘത്തെയും കുറിച്ചുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ത്വരിപ്പെടുത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന വിൻസെന്റിന്റെ മൊബൈൽഫോൺ മധുക്കര സിഗ്നൽ ഭാഗത്തുനിന്ന് ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ, അക്രമിസംഘം കാറുമായി കോയമ്പത്തൂർ ഭാഗത്തേക്കാണ് കടന്നുകളഞ്ഞതെന്നാണ് വിവരം.

ഹവാല കവർച്ചക്കാരെന്ന് സംശയം

വനിതാ ഇൻസ്പെക്ടറുടെ ഭർത്താവിനെ മർദിച്ച കാറുമായി കടന്ന അക്രമികൾക്ക് ഹവാലകടത്തുമായി ബന്ധമുണ്ടായിരിക്കാമെന്ന് സംശയിക്കുന്നതായി മധുക്കര പോലീസ് അറിയിച്ചു. വിൻസന്റ് കുമാറിന്റെ കൈയിൽനിന്ന് പണമൊന്നും അക്രമികൾ പിടിച്ചുപറിച്ചില്ല. കാറിലും പണമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിൻസെന്റിന്റെ മൊഴിയിൽ പറയുന്നത്.

കഴിഞ്ഞമാസം ഇതേ സ്ഥലത്തുവെച്ച് കാറിൽ പണവുമായി സഞ്ചരിച്ചവരെ അക്രമിസംഘം തടഞ്ഞുനിർത്തി വാഹനവുമായി കടന്നുകളഞ്ഞിരുന്നു. സാധാരണ ഹവാലസംഘങ്ങൾ കാറിനകത്തെ രഹസ്യ അറകളിൽ പണംനിറച്ചാണ് സഞ്ചരിക്കാറ്.

കാറിൽ പണമുണ്ടായിരിക്കാമെന്ന ധാരണയിലാവാം ആക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്.