ഉപ്പുതറ: അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിക്ക് വെട്ടേറ്റു. ചപ്പാത്ത്, ലോണ്‍ട്രി പുതുപ്പറമ്പില്‍ ബിന്‍സി(41) ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ചപ്പാത്ത് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ ലോറന്‍സ് (41), പുത്തന്‍പുരയ്ക്കല്‍ ജോബി(34) എന്നിവരെ ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബിന്‍സിയുടെ വീടിനു മുന്‍വശത്തുകൂടിയുള്ള റോഡിലെ കാനയില്‍ മാലിന്യം കത്തിച്ചതിനെ ചോദ്യംചെയ്ത് പ്രതികള്‍ ബിന്‍സിയുടെ വീട്ടിലെത്തി ബഹളംവെയ്ക്കുകയും അസഭ്യം പറയുകയും കത്തിയെടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്തു.

എതിര്‍ത്തതോടെ ബിന്‍സിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് പ്രതികള്‍ വലിച്ചിഴയ്ക്കുകയും, കഴുത്തിനു വെട്ടുകയുമായിരുന്നു. ബിന്‍സി വെട്ട് തടഞ്ഞതിനാല്‍ കൈയ്യിലാണ് വെട്ടേറ്റത്.

ഇടതുകൈയ്യില്‍ രണ്ടിടങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിച്ച ബിന്‍സിയുടെ പിതാവ് നേശമണി (70), അമ്മ മേരി(65) എന്നിവരെയും പ്രതികള്‍ മര്‍ദിച്ചു.

വിവരമറിഞ്ഞ് എത്തിയ ഉപ്പുതറ സി.ഐ. ഇ.ബാബു, എസ്.ഐമാരായ സജിമോന്‍, ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ബിന്‍സിയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.