പത്തനംതിട്ട: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ബന്ധുക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24 വയസ്സുകാരിയെയാണ് ബന്ധുക്കള്‍ ആക്രമിച്ചത്. പ്രണയവിവാഹിതയായ യുവതി മാതാവിനെ കാണാനായി സ്വന്തം വീട്ടില്‍ എത്തിയപ്പോളായിരുന്നു സംഭവം. ആക്രമണത്തില്‍ കൈപ്പത്തിക്ക് വെട്ടേറ്റ യുവതി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ മുസ്ലീം യുവതിയും പ്രദേശവാസിയായ ഹിന്ദു യുവാവും തമ്മില്‍ ഒരുമാസം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹത്തിന് കാര്യമായ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞദിവസം മാതാവിനെ കാണാനായി സ്വന്തം വീട്ടിലെത്തി. ഈ സമയം സഹോദരിയും സഹോദരീഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. മാതാവിനെ കണ്ട് തിരികെപോകുന്നതിനിടെയാണ് ഇരുവരും യുവതിയെ ആക്രമിച്ചത്. 

സ്വത്ത് തരില്ലെന്ന് പറഞ്ഞ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സഹോദരി ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൈയ്ക്ക് വെട്ടേറ്റതെന്നുമാണ് യുവതിയുടെ മൊഴി. കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ പരിക്ക് ഗുരുതരമല്ല. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഇവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ പോലീസ് അറിയിച്ചു. 

Content Highlights: attack against woman after love marriage in kalanjoor pathanamthitta