ഓയൂര്‍ (കൊല്ലം) : വെളിയത്ത് കാറില്‍ കടത്തിയ ചാരായം പിടിച്ച എസ്.ഐ.ക്ക് മര്‍ദനമേറ്റു. പൂയപ്പള്ളി സ്റ്റേഷനിലെ എസ്.ഐ. ടി.വി. സന്തോഷ്‌കുമാറിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ആരൂര്‍ക്കോണം കീര്‍ത്തനയില്‍ ബിനു (39), ആരൂര്‍ക്കോണം കാഞ്ഞയില്‍ പുത്തന്‍വീട്ടില്‍ മനുകുമാര്‍ (40), ആരൂര്‍ക്കോണം സുമേഷ് മന്ദിരത്തില്‍ മോനിഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെളിയം, ആരൂര്‍ക്കോണം സുമേഷ് മന്ദിരത്തില്‍ സുമേഷ് ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.15-നായിരുന്നു സംഭവം. കണ്‍ടെയ്ന്‍മെന്റ് സോണായ വെളിയം ജങ്ഷനില്‍ ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. സന്തോഷ്‌കുമാറും ഹോം ഗാര്‍ഡ് പ്രദീപും ഓടനാവട്ടം ഭാഗത്തുനിന്ന് വെളിയം ജങ്ഷനിലെത്തിയ കാര്‍ തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ എസ്.ഐ. കാറില്‍നിന്ന് നാലു കുപ്പികളില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.

തുടര്‍ന്ന് കാറിലെത്തിയവര്‍ എസ്.ഐ.യെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.ഐ. ഗോപീചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.