നെടുമങ്ങാട്: നാടൻബോംബും വടിവാളുമായി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതു തടയാനെത്തിയ എസ്.ഐ.യെ ആക്രമിക്കുകയുംചെയ്ത കേസിൽ അഞ്ചു പേർ അറസ്റ്റിൽ. നെടുമങ്ങാട് എസ്.ഐ. സുനിൽഗോപിക്കാണ് ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇടതുകൈയ്ക്ക് പൊട്ടലേറ്റ എസ്.ഐ.യെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരകുളം മുല്ലശ്ശേരി സ്വദേശി വി.ഷൈജു(36), തൊളിക്കോട് പുള്ളിക്കോണം സ്വദേശി ആർ.രാഹുൽ(26), അഴിക്കോട് ഇരുമ്പ സ്വദേശി ജെ.ആദർശ്(23), കരുപ്പൂര് കൊറളിയോട് സ്വദേശി ആർ.ജിനുരാജ്(26), കരകുളം കൂട്ടപ്പാറ സ്വദേശി എസ്.അനന്ദു(26) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

നാടൻബോംബും വടിവാളുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം കരകുളം മുല്ലശ്ശേരി സ്വദേശിനി സോണിയുടെ വീട്ടിൽ അതിക്രമിച്ചുകയറി. ഭർത്താവ് ബിജുമോനെയും അയൽവാസി ഹരിപ്രസാദിനെയും വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാർ നെടുമങ്ങാട് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് എസ്.ഐ. സുനിൽഗോപിയും സംഘവും സ്ഥലത്തെത്തി. അക്രമാസക്തരായിരുന്ന ഷൈജുവിനെയും രാഹുലിനെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണ് എസ്.ഐ.യെ ആക്രമിച്ചത്. ഇതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഷൈജുവിനെയും രാഹുലിനെയും മറ്റു പോലീസുകാർ കീഴടക്കി. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. ഇതിനിടെ അക്രമികൾ നാടൻ ബോംബുകൾ എറിയുകയും ചെയ്തു.

തുടർന്നു നടന്ന അന്വേഷണത്തിലാണ് മൂന്നു പേർകൂടി അറസ്റ്റിലായത്. ഇതിൽ ഷൈജു മൊട്ടമൂട് അനിയുടെ കൊലപാതകക്കേസിലെ പ്രതിയാണ്. രാഹുൽ, ആദർശ്, അനന്ദു എന്നിവർ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. അനിൽകുമാറിന്റെയും സി.ഐ. രാജേഷ്കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ. സുനിൽഗോപി കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്റ്റേഷനിൽ ചുമതലയേറ്റത്.