വള്ളികുന്നം(ആലപ്പുഴ): ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിടിയില്‍. വള്ളികുന്നം എം.ആര്‍.ജങ്ഷന് തെക്ക് ആകാശ്ഭവനില്‍ സുമിത്ത് എന്ന് വിളിക്കുന്ന ആകാശ് (24), രാഹുല്‍ഭവനില്‍ രാഹുല്‍ (കണ്ണന്‍-23), ഇയാളുടെ സഹോദരന്‍ ഗോകുല്‍ (ഉണ്ണി-21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.എഫ്.ഐ. ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം കടുവിനാല്‍ രാഹുല്‍ നിവാസില്‍ രാകേഷ് (23), എസ്.എഫ്.ഐ.പ്രവര്‍ത്തകരായ ഇലിപ്പക്കുളം കണ്ടളശ്ശേരില്‍ തെക്കതില്‍ ബൈജു (24), കടുവിനാല്‍ കളത്തില്‍വീട്ടില്‍ വിഷ്ണു (22) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
പിടിയിലായ മൂവരും പാവുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ കൊലപാതകക്കേസിലെ പ്രതികളാണ്. കൂടാതെ, കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ വധശ്രമക്കേസിലും വള്ളികുന്നത്ത് നിരവധി കേസുകളിലെ പ്രതികളുമാണെന്ന് എസ്.ഐ. കെ.സുനുമോന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതോടെ പള്ളിവിള ജങ്ഷന് സമീപം വെച്ചാണ് സംഭവം. സുഹൃത്തുക്കളായ മൂവരും ബൈക്കുകളില്‍ ചൂനാട് പോയി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗസംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
വെട്ടേറ്റ് ഇടതു കൈപ്പത്തിയില്‍ ഗുരുതരമായി പരിക്കേറ്റ രാകേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടുപേരുടെയും പരിക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.
സംഭവത്തെത്തുടര്‍ന്ന് രാത്രി 11-ഓടെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ അറസ്റ്റിലായ സുമിത്ത്, വിമുക്തഭടനും ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ കുഴുവേലില്‍ പറമ്പില്‍ കെ.ഷാജി എന്നിവരുടെ വീടുകള്‍ ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തിരുന്നു.
സുമിത്തിന്റെ വീടിന്റെ അടുക്കളയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന അമ്മ വസുന്ധരയുടെ ഒന്നരപ്പവന്റെ സ്വര്‍ണമാലയും 30,000 രൂപയും അക്രമിസംഘം അപഹരിച്ചതായും പരാതിയുണ്ട്. അക്രമിസംഘം ഇടയശ്ശേരില്‍ ശശിയുടെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റില്‍ കല്ലെറിയുകയും അടിക്കുകയും ചെയ്തു. ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വീടുകള്‍ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയിട്ടിയില്ല. വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Content Highlights: attack against sfi members in vallikkunnam, three rss activists arrested