ആലപ്പുഴ: ജില്ലയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി.
തിങ്കളാഴ്ചരാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോജ്, കപില്‍ ഷാജി എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം.
ജീവന്‍കുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവര്‍ എത്തിയത്. ഇളയമകനെ കിട്ടാതെവന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോള്‍ ജീവന്‍കുമാറിനും മൂത്തമകനും പരിക്കേറ്റു.
വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. അപ്പോള്‍ പെയ്ത മഴയും വൈദ്യുതി പോയതും തിരച്ചിലിനെ ബാധിച്ചു. മഴമാറി വീണ്ടും പരിശോധിച്ചപ്പോള്‍ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൈയിലുണ്ടായിരുന്ന വാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിനോജിനെ സൗത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് പിടികൂടി.
മറ്റൊരു പ്രതി കപില്‍ ഷാജിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സി.ഐ.ക്കും പരിക്കേറ്റു.
Content Highlights: attack against police officers in alappuzha