ലഖ്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇറച്ചിവിൽപ്പനക്കാരനെ ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. മൊറാദാബാദ് പോലീസാണ് തിങ്കളാഴ്ച പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്ക് പുറമേ മറ്റു ചില പ്രതികൾ കൂടി ഒളിവിലാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറച്ചിവിൽപ്പനക്കാരനായ മുഹമ്മദ് ഷാക്കിർ എന്നയാളെ മനോജ് ഠാക്കൂറും സംഘവും ആക്രമിച്ചത്. ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട ഇവർ ഇറച്ചിയുമായി സ്കൂട്ടറിൽ പോവുകയായിരുന്ന ഷാക്കിറിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. 50,000 രൂപ ആവശ്യപ്പെട്ട പ്രതികൾ പിന്നീട് ഷാക്കിറിനെ മർദിച്ചെന്നാണ് ഇയാളുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നത്. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയത്.

അതേസമയം, ആക്രമണത്തിനിരയായ ഷാക്കറിനെതിരേ മൊറാദാബാദ് പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിനും രേഖകളില്ലാതെ ഇറച്ചി കൊണ്ടുപോയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു.

അതിനിടെ, ഒളിവിലുള്ള മനോജ് ഠാക്കൂർ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഷാക്കിർ തങ്ങളെ ഇടിച്ചിടാൻ ശ്രമിച്ചെന്നും ഗോവധം തടയാനാണ് തങ്ങൾ ശ്രമിച്ചതെന്നും മനോജ് ഠാക്കൂർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ലാത്തി കൊണ്ട് ഒരാളെ അക്രമിച്ചാൽ അത് കുറ്റമാണ്. എന്നാൽ അത് ഒരാളെ കൊല്ലാൻ ശ്രമിച്ചതാണെന്ന് പറയാൻ കഴിയുമോ? താൻ ഗോവധം തടയാൻ ശ്രമിക്കുമ്പോൾ പോലീസ് ഭീഷണിപ്പെടുത്തുകയാണ്. തനിക്കൊപ്പം ഒരു പോലീസ് സംഘത്തെ വിട്ടുനൽകിയാൽ ഈ സംഘത്തെ തുറന്നുകാട്ടാമെന്നും മനോജ് ഠാക്കൂർ പറഞ്ഞു.

Content Highlights:attack against meat seller in up self claimed cow vigilantes arrested