വിതുര: കഴിഞ്ഞ ദിവസം മാതൃഭൂമി വനിതാ ഏജന്റിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് അറസ്റ്റു െചയ്തു. ശാസ്താംകാവ് മേക്കുംകര പുത്തന്‍ വീട്ടില്‍ ദീപു എന്നു വിളിക്കുന്ന ശ്രീലേഷ് ആര്‍.നായരാ(39)ണ് പിടിയിലായത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മാതൃഭൂമി ശാസ്താംകാവ് ഏജന്റ് നൂറേക്കര്‍ ലക്ഷംവീട് കോളനിയില്‍ ഷീബയെയും ഭര്‍ത്താവിനെയുമാണ് ഇയാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ശാസ്താംകാവ് റോഡില്‍ ഖാദി ബോര്‍ഡിനു സമീപത്തു വച്ചായിരുന്നു സംഭവം. 

സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി തന്നെയും ഭര്‍ത്താവിനെയും പിടിച്ചു തള്ളിയതായും അസഭ്യം പറഞ്ഞതായും ഷീബ പരാതി നല്‍കിയിരുന്നു. പലതവണ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും ഷീബ പോലീസിനോട് പറഞ്ഞു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശാസ്താംകാവില്‍ നിന്നാണ് ശ്രീലേഷിനെ കസ്റ്റഡിയിലെടുത്തത്.