കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ഥികളായ പി.പി. അതുല്‍, ബേസില്‍ ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

അതുലും ബേസിലുമായി ഹോസ്റ്റലില്‍ അനധികൃതമായി താമസിച്ച വിദ്യാര്‍ഥി വാക്കു തര്‍ക്കമുണ്ടാക്കി. ഇതിനിടെ സ്ഥലത്തെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് അതുലും ബേസിലും പറയുന്നു.

കഴുത്തിലും പുറത്തും മര്‍ദനമേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മുമ്പ് ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ സാക്ഷികളാണ് അതുലും ബേസിലും. സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് ആരോപണം.

വാര്‍ഡനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയില്ലെങ്കില്‍ സമരം തുടങ്ങുമെന്നും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കോളേജ് ഹോസ്റ്റലില്‍ അഡ്മിഷനില്ലാത്ത നിരവധി പേര്‍ വന്നു പോകുന്നുണ്ടെന്നും ഇതിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കെ.എസ്.യു. ആരോപിച്ചു.