അന്തിക്കാട്: ചാഴൂരില്‍ ഡി.വൈ.എഫ്.ഐ. നേതാക്കളെ കാറിടിച്ചുവീഴ്ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പാട് കണ്ണന്‍കുളങ്ങര മിഥുന്‍ നായര്‍ (26), എസ്.എന്‍. റോഡ് ചെമ്പകശ്ശേരി അജില്‍കൃഷ്ണ (23), പഴുവില്‍ വെസ്റ്റ് കുറുവത്ത് ഷനില്‍ (22), പഴുവില്‍ തെക്കേമഠത്തില്‍ സെവാഗ് (23), ചേറ്റക്കുളം വലിയവീട്ടില്‍ അഭിറാം (23) എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ പലരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഞായറാഴ്ച രാത്രി ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഡി.വൈ.എഫ്.ഐ. ഭാരവാഹികളായ വി.എസ്. ധനുഷ്, ഷംനാദ് എന്നിവരെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. തുടര്‍ന്ന് സി.പി.എം. ഓഫീസിന് സമീപമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ വാഹനമിടിക്കാനുള്ള ശ്രമവും സംഘം നടത്തിയിരുന്നു. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട് ഒളിവില്‍ കഴിയാന്‍ ശ്രമിച്ച പ്രതികളെ എട്ടുമുന പൊട്ടുചിറയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അന്തിക്കാട് പോലീസ് പിടികൂടി.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.