തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ പ്രതി ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

'പെണ്ണായത് കൊണ്ടാണ്, മനസ്സിലായോ, അല്ലെങ്കില്‍ ഞാന്‍ ചുവരില്‍നിന്ന് വടിച്ചെടുക്കേണ്ടി വരും' എന്ന് പ്രതി ഡോക്ടറോട് പറയുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ശേഷം ഡോക്ടറെ അസഭ്യം പറയുന്നതും മര്‍ദിക്കുന്നതും ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വ്യാഴാഴ്ച രാത്രിയാണ് ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ മാലു മുരളി, സുരക്ഷാജീവനക്കാരന്‍ സുഭാഷ് എന്നിവരെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ മണക്കാട് കരിമഠം കോളനിയിലെ റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൈക്കു പരിക്കേറ്റ റഷീദ് സ്ഥിരമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നയാളാണ്. റഫീഖിന് മുതുകില്‍ മുറിവു പറ്റിയാണ് വ്യാഴാഴ്ച രാത്രി അത്യാഹിതവിഭാഗത്തില്‍ എത്തിയത്. മുറിവ് എങ്ങനെയാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചതോടെ റഫീഖ് പ്രകോപിതനായി ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയും അസഭ്യംപറയുകയും ചെയ്തു. ഇതു കണ്ട് തടയാനെത്തിയ സുഭാഷിനെ ഇരുവരും ചേര്‍ന്നു തള്ളിയിട്ടു മര്‍ദിച്ചു. ആശുപത്രിയിലിരുന്ന ഉപകരണങ്ങളെടുത്തും മര്‍ദിക്കാന്‍ ശ്രമിച്ചു. റഫീഖ് വീണ്ടും ഡോക്ടറെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും ജീവനക്കാരെ അസഭ്യം പറയുകയായിരുന്നു. 

സംഭവത്തില്‍ തനിക്ക് മാനസികമായി ഏറെ വിഷമമുണ്ടായെന്ന് ഡോ. മാലു മുരളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.'ഇതിലൊരാള്‍ കൈക്ക് മുറിവുപറ്റി സ്ഥിരമായി വരാറുള്ളതാണ്. വേദനയ്ക്ക് ഇന്‍ജക്ഷന്‍ കൊടുത്തു വിടാറാണ് പതിവ്. കഴിഞ്ഞ ദിവസം ഇയാളോടൊപ്പം വന്നയാള്‍ കഴുത്തിന് പിന്നില്‍ മുറിവുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ രക്തസ്രാവമൊന്നും കണ്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് ആക്രമം തുടങ്ങിയത്. അത് നിന്നോട് പറയേണ്ട ആവശ്യമില്ലെടീ എന്നു പറഞ്ഞു കൈയില്‍ പിടിച്ചു. തട്ടിമാറ്റിയപ്പോള്‍ വീണ്ടും കൈയില്‍ പിടിച്ച് തള്ളിയിട്ടു, നിലത്തു വീണു. വസ്ത്രമെല്ലാം വലിച്ചുകീറി.

ഓടിയെത്തിയ സെക്യൂരിറ്റിയെയും ക്രൂരമായി മര്‍ദിച്ചു. ഐ.വി. സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു. പിന്നീട് അസഭ്യവര്‍ഷമായിരുന്നു. ഇതിനിടെ വീണ്ടും മര്‍ദിക്കാന്‍ ശ്രമിച്ചു. അയാള്‍ മദ്യപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മദ്യത്തിന്റെ മണമില്ലായിരുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയമുണ്ട്. 

സംഭവത്തെ തുടര്‍ന്ന് മാനസികമായി വളരെയേറെ വിഷമമായി. ഇനി ഈ അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. ശാന്തമായി ജോലി ചെയ്യാന്‍ കഴിയണം. ഒന്നര മാസത്തിനിടെ ഇത്തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നഴ്സിങ് ജീവനക്കാര്‍ക്ക് നേരേ അതിക്രമമുണ്ടായിട്ടുണ്ട്. സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം'-  ഡോ. മാലു മുരളി പറഞ്ഞു. 

ഫോര്‍ട്ട് ആശുപത്രി, സമൂഹവിരുദ്ധരുടെ താവളം 

തിരുവനന്തപുരം: 24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യാമറകളോ വേണ്ടത്ര സുരക്ഷാ ജീവനക്കാരോ ഇല്ല. മാത്രമല്ല, ആശുപത്രിക്കു സമീപമുള്ള പാര്‍ക്കും ഒഴിഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ച് രാത്രിയില്‍ സമൂഹവിരുദ്ധരുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ശ്രികണ്‌ഠേശ്വരം പാര്‍ക്ക് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളുടെ പ്രവര്‍ത്തനമുള്ളതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ പിടിയിലായവര്‍ ഈ ഭാഗത്ത് മദ്യപിച്ച് കറങ്ങി നടക്കുന്നവരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവര്‍ നേരത്തേയും ആശുപത്രിയിലെത്തി ജീവനക്കാരോടു മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, ശാരീരിക ആക്രമണത്തിലേക്കു കടന്നത് ആദ്യമായിട്ടാണ്. മുമ്പും അടിപിടിക്കേസുകളില്‍ ഇവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ നേരത്തേയും പരാതി നല്‍കിയിരുന്നു.

രാത്രി പോലീസിന്റെ പട്രോളിങ് ശക്തമല്ലെന്നും പരാതിയുണ്ട്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ കോര്‍പ്പറേഷന്‍ പിന്‍വലിച്ചതാണ് പാര്‍ക്ക് മദ്യപന്‍മാരുടെ താവളമാകാന്‍ കാരണമെന്ന് കൗണ്‍സിലര്‍ പി.രാജേന്ദ്രന്‍നായര്‍ പറഞ്ഞു. രാത്രി മദ്യപസംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. മദ്യപിച്ച് പോകുന്നതിനിടയില്‍ വീണു പരിക്കേറ്റാണ് പ്രതികള്‍ ചികിത്സ തേടിയെത്തിയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ച് രാത്രി കഞ്ചാവു കച്ചവടം നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രാത്രി ഒരാള്‍ മാത്രമാണ് സുരക്ഷയ്ക്കുള്ളത്. ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

അത്യാഹിതവിഭാഗത്തില്‍ പോലീസിനെ ഡ്യൂട്ടിക്കിടാമെന്ന് അധികൃതര്‍ അറിയിച്ചതായി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും വിളിക്കും. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: attack against doctor and security staff in fort hospital thiruvananthapuram