ബെംഗളൂരു: കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടറെയും നഴ്സിനെയും മർദിച്ചതിന് രോഗിയുടെ മകനെ പോലീസ് അറസ്റ്റുചെയ്തു. കൊടിച്ചിക്കനഹള്ളി സ്വദേശി ജഗദീഷ് (29) ആണ് അറസ്റ്റിലായത്. ബെന്നാർഘട്ട റോഡിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് ജഗദീഷ് മർദിച്ചത്. ഇയാളുടെ അച്ഛന് കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസും പിടിപെട്ടതിനെ തുടർന്നായിരുന്നു ഡോക്ടറെ മർദിച്ചത്.

ചികിത്സയിലെ പിഴവാണ് ബ്ലാക്ക് ഫംഗസ് പിടിപെടാൻ കാരണമെന്ന് പറഞ്ഞ് യുവാവ് ഡോക്ടറെയും നഴ്സിനെയും മർദിക്കുകയായിരുന്നു. യുവാവിന്റെ അമ്മയും ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതിയിൽ പറഞ്ഞു. ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിലാണ് അറസ്റ്റ്.

അന്വേഷണം വേണം

കോവിഡ് രോഗിയുടെ മകൻ ഡോക്ടറെ മർദിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് അസോസിയേഷൻ (പി.എച്ച്.എ.എൻ.എ.) ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു.

ആരോഗ്യപ്രവർത്തകർക്ക് ജോലിസ്ഥലത്ത് സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞതിൽ ജീവനക്കാർ പ്രതീക്ഷയർപ്പിച്ചിരുന്നതായി സംഘടന മന്ത്രിയ്ക്കയച്ച കത്തിൽ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി കേസെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സന്ദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.