തൃശൂര്‍: ഓട്ടോ ഡ്രൈവറേയും കുടുംബത്തേയും നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച ബസ് ജീവനക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. 'സര്‍ക്കാര്‍' എന്ന പേരില്‍ പനങ്ങാട്-ചിറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടര്‍ മാടവന പാഴ്മഠത്തില്‍ സാജന്‍ ഉദയന്‍ (26), നെട്ടൂര്‍ നങ്ങ്യാരത്ത്പറമ്പില്‍ അഷറഫ് സൈനുദ്ദീന്‍ (28), നെട്ടൂര്‍ അണ്ടിപ്പിള്ളില്‍ ഹരീഷ് ശശിധരന്‍ (31), എരൂര്‍ മാണാലിപ്പറമ്പില്‍ ഷിബിന്‍ കറുപ്പന്‍ (27) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

Attackശരീരം ആസകലം പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ തൃപ്പൂണിത്തുറ മേക്കര അടിയേടത്ത് ശ്യാം (35), കാലിന് സാരമായി പരിക്കേറ്റ ഭാര്യ നയന (28) എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കള്‍ അജയ് (8), അദ്വൈത് (3), ശ്രീഭദ്ര (ഒന്നര), ശ്യാമിന്റെ അമ്മ ശോഭന (65), നയനയുടെ സഹോദരി സയന എന്നിവര്‍ സുഖം പ്രാപിച്ചു.

പനങ്ങാട്ടെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചി ബൈപ്പാസില്‍ ഐഎന്‍ടിയുസി ജങ്ഷനു സമീപത്തായിരുന്നു സംഭവം. കുണ്ടന്നൂര്‍-നെട്ടൂര്‍ പാലം ഇറങ്ങുമ്പോള്‍ അമിത വേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് തട്ടി. നിര്‍ത്താതെ പാഞ്ഞ ബസ് നെട്ടൂര്‍ ഐഎന്‍ടിയുസി സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിറുത്തിയപ്പോള്‍ ഓട്ടോറിക്ഷ ബസ്സിന് മുന്നിലിട്ട് ശ്യാം ചോദ്യം ചെയ്തതാണ് ബസ്സുകാരെ ചൊടിപ്പിച്ചത്.