കണ്ണൂര്‍: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പോലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവര്‍ന്നത്. 

ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്. 

തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണം കൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീകാന്തിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റൂറല്‍ എസ്.പി. അറിയിച്ചു.  

Content Highlights: atm robbery complaint against police officer in kannur