കൊച്ചി: എ.ടി.എം. കൗണ്ടർ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസിലെ പ്രതി ലാപ്ടോപ്പ് മോഷണക്കേസിൽ പിടിയിൽ. ചേർത്തല പട്ടണക്കാട് പൊന്നംവേലി കോഴിപ്പറമ്പിൽ വീട്ടിൽ ആൽബിയെ(24)യാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ലാപ്ടോപ്പ് മോഷണക്കേസിൽ അറസ്റ്റിലായപ്പോഴാണ് ഇയാൾ എ.ടി.എം. കവർച്ചാശ്രമ കേസിലെ പ്രതിയാണെന്നറിഞ്ഞത്. ലാപ്ടോപ്പ് മോഷണം പോയെന്നുകാട്ടി അർജുൻ എന്ന യുവാവ് സൗത്ത് പോലീസിൽ പരാതി നൽകിയിരുന്നു. താമസിക്കുന്ന ലോഡ്ജിൽ തൊട്ടടുത്ത മുറിയിലുള്ളവരെ സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
അന്വേഷണത്തിൽ പെന്റാ മേനകയിലെ കടയിൽ നിന്ന് ലാപ്ടോപ്പ് കണ്ടെത്തി. അവിടെ കൊടുത്തിരുന്ന തിരിച്ചറിയൽ കാർഡിന്റെ പകർപ്പിലൂടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ആലപ്പുഴ എഴുപുന്നയിലെ എസ്.ബി.ഐ. എ.ടി.എം. തകർക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിലുള്ള യുവാവിനോട് പ്രതിക്ക് സാമ്യമുള്ളതായി പോലീസിന് സംശയം തോന്നിയതോടെ ഇതും അന്വേഷിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിലുള്ളയാൾ ധരിച്ചിരുന്ന അതേ വസ്ത്രം തന്നെയാണ് തന്റെ അടുത്ത മുറിയിൽ താമസിക്കെ പ്രതി ധരിച്ചിരുന്നതെന്ന് അർജുൻ പോലീസിന് മൊഴിയും നൽകി.
ലാപ്ടോപ്പ് മോഷ്ടിച്ചത് എ.ടി.എം. തകർക്കാനുള്ള ഗ്യാസ് കട്ടറും സിലിൻഡറും വാങ്ങാനായിരുണെന്ന് പ്രതി വെളിപ്പെടുത്തി. പണം തികയാത്തതിനാൽ മറൈൻ ഡ്രൈവിന് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് ലിഫ്റ്റിന്റെ സാധനങ്ങൾ മോഷ്ടിച്ചു വിറ്റതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
Content Highlights:atm robbery attempt case accused arrested in another theft case