മലപ്പുറം: എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ നല്‍കിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തില്‍ ഗ്രാമപ്പഞ്ചായത്തംഗമുള്‍പ്പെടെ സ്വകാര്യ ഏജന്‍സിയിലെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. ഊരകം ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡംഗം എന്‍.ടി. ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരന്‍ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (34), കാവനൂര്‍ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.

എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.എസ്. ഇന്‍ഫോ സിസ്റ്റം എന്ന സ്വകാര്യ ഏജന്‍സിയുടെ പരാതിയിലാണ് നടപടി. 2021 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്.

വിവിധഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി നല്‍കിയ തുകയില്‍നിന്ന് 1,59,82,000 രൂപയാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായവര്‍ക്ക് 29 എ.ടി.എമ്മുകളുടെ മേല്‍നോട്ടമായിരുന്നു നല്‍കിയത്. എ.ടി.എമ്മുകളില്‍ 20-ന് ഓഡിറ്റ് നടത്തിയപ്പോഴാണ് അനുവദിച്ച തുകയിലും നിറച്ച തുകയിലും വ്യത്യാസം കണ്ടത്. ഇവര്‍ക്കുനല്‍കിയ 13 എ.ടി.എമ്മുകളില്‍ 38.5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് ക്രമക്കേടു മനസ്സിലായത്.

തുടര്‍ന്ന് ഓഡിറ്ററും മുതിര്‍ന്ന ഉദ്യോഗസ്ഥരും തുക കണക്കുകൂട്ടി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. കമ്പനി നടത്തിയ വിശദപരിശോധനയിലാണ് കഴിഞ്ഞ മാസങ്ങളിലായി 1.59 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. രണ്ടംഗ സംഘമായാണ് ഇവര്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നത്. ഇതിനായി നല്‍കുന്ന പാസ്വേഡിന്റെ പകുതിവീതം രണ്ടുപേര്‍ക്കായി നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും നല്‍കിയ പകുതി പാസ്വേഡ് മറ്റൊരാളുമായി പങ്കിടരുതെന്ന കര്‍ശന വ്യവസ്ഥയിലാണ് നല്‍കുക.

പാസ്വേഡ് ഇവര്‍ പരസ്പരം പങ്കിട്ടു. ആറുമാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്. വായ്പ തിരിച്ചടയ്ക്കുന്നതിനും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചെന്നാണ് പോലീസിന് പ്രതികള്‍ നല്‍കിയ മൊഴി. പിടിയിലായവര്‍ അഞ്ചും ആറും വര്‍ഷമായി ഈ മേഖലയില്‍ ജോലിചെയ്യുന്നവരാണ്. മുന്‍പും ഇത്തരം തിരിമറികള്‍ നടന്നിട്ടിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സി.ഐ. ജോബി തോമസ്, എസ്.ഐ. അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.