കണ്ണൂർ: സ്കിമ്മിങ് വഴി എ.ടി.എം. കാർഡിലെ വിവരങ്ങൾ ചോർത്തി ഓൺ ലൈനായി പണം തട്ടിയെടുക്കുന്ന ഡൽഹി സ്വദേശിയെ ദ്വാരക നഗർ പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനായി തിങ്കളാഴ്ച ഇയാളെ കണ്ണൂരിൽ കൊണ്ടുവന്നു. ഡൽഹി ഉത്തംനഗർ സ്വദേശി രാകേഷ് ശർമ(55)യാണ് പിടിയിലായത്. കണ്ണൂർ ഉരുവച്ചാൽ സ്വദേശി പള്ളിവളപ്പിൽ റഫീഖിന് ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിൽനിന്ന് 2019-ൽ രണ്ടുതവണയായി 40,000 രൂപ ഓൺലൈനായി തട്ടിയെടുത്ത കേസ് അന്വേഷിക്കുന്നതിനിടയിലാണ് രാകേഷ് ശർമ പിടിയിലായത്.

റഫീഖ് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിനായി കണ്ണൂർ സിറ്റി പോലീസ് ഡൽഹിയിൽ പോയിരുന്നു. പണം തട്ടിയെടുത്തത് ഡൽഹി കേന്ദ്രീകരിച്ചാണെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. അതിനിടയിലാണ് സമാന കേസുകൾ അന്വേഷിക്കുന്ന ഡൽഹി പോലീസ് രാകേഷ് ശർമയെ പിടികൂടുന്നത്. ഇതേ തുടർന്ന് കണ്ണൂരിൽനിന്ന് സിറ്റി എ.എസ്.ഐ. മാരായ നെൽസൻ നിക്കോളാസ്, ഷാജി, പി.പി.മഹേഷ് എന്നിവർ വീണ്ടും ഡൽഹിയിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു.

ആസൂത്രിതമായാണ് രാകേഷ് ശർമ തട്ടിപ്പ് നടത്തുന്നത്. ചൈനയിൽ നിർമിക്കുന്ന സ്കിമ്മർ ഉപയോഗിച്ചാണ് തട്ടിപ്പ്. സൈ്വപ്പിങ് മെഷീൻ പോലുള്ള ഇതിൽ എ.ടി.എം. കാർഡ് സൈ്വപ്പ് ചെയ്താൽ അതിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കപ്പെടും. ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ കാർഡുണ്ടാക്കിയാണ് തട്ടിപ്പ്. ഇയാൾ സമാനരീതിയിൽ അഞ്ഞൂറിലധികം പേരെ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഇതുവഴി 25 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. കണ്ണൂർ സ്വദേശിയുടെ പണം ഏതുരീതിയിലാണ് കവർന്നതെന്ന് വ്യക്തമായിട്ടില്ല.

പിടിയിലായ രാകേഷ് ശർമ തിഹാർ ജയിലിലായിരുന്നു. കോവിഡ് വ്യാപകമായതിനാൽ ഇയാളെ കണ്ണൂരിലെ കേസ് അന്വേഷണത്തിന് നേരത്തെ കൊണ്ടുവരാനായിരുന്നില്ല. കൈയാമത്തിന് പുറമെ വലിയ ചങ്ങലയുമണിയിച്ചാണ് ഡൽഹി പോലീസ് രാകേഷ് ശർമയെ തിങ്കളാഴ്ച കൊണ്ടുവന്നത്. ഇയാൾക്ക് കൂട്ടുപ്രതികൾ ഉണ്ടാവാമെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ പരാതികൾ ഇല്ലാത്തതിനാൽ തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനായിട്ടില്ല.