കോയമ്പത്തൂർ: തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ രാസിപുരത്ത് സ്വകാര്യ എൻജിനിയറിങ് കോളേജ് വളപ്പിലെ എ.ടി.എം. കത്തിനശിച്ചു. കവർച്ചാശ്രമത്തിനിടെയാണ് സംഭവമെന്നാണ് പോലീസിന്റെ നിഗമനം. എ.ടി.എമ്മിൽ ഉണ്ടായിരുന്ന ആറുലക്ഷം രൂപയോളം കത്തിനശിച്ചു.

ശനിയാഴ്ച രാത്രി എ.ടി.എമ്മിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയർ സർവീസ് അധികൃതരെത്തി അണച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ചാശ്രമത്തിനിടെയാണ് സംഭവമെന്ന് വ്യക്തമായത്. സി.സി.ടി.വി. ദൃശ്യം പരിശോധിച്ചതിൽ നാലു പേർ എ.ടി.എമ്മിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ഗ്യാസ് വെൽഡിങ് അനുബന്ധസാധനങ്ങളും അവരുടെ കൈവശമുണ്ടായിരുന്നു. വെൽഡിങ് ശ്രമത്തിനിടയിൽ എ.ടി.എമ്മിന് അകത്തും തീ പിടിച്ചുവെന്നാണ് കരുതുന്നത്. ഇതോടെ കവർച്ചക്കാർ ഓടിരക്ഷപ്പെട്ടതായി പോലീസ് പറയുന്നു.

സ്വകാര്യബാങ്കിന്റെ എ.ടി.എമ്മിൽ ആറുലക്ഷം രൂപയാണ് ബാക്കിയുണ്ടായിരുന്നത്. കോളേജ് അടച്ചത് കാരണം മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കോളേജിന് മാത്രമാണ് കാവലുണ്ടായിരുന്നത്. രാശിപുരം പോലീസ് കേസെടുത്തു.

Content Highlights:atm caught fire while theft attempt