ബെംഗളൂരു: ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി  ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന വ്യാജേന മയക്കുമരുന്ന് വിതരണം നടത്തിയ അസം സ്വദേശികളായ രണ്ടുപേരെ ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍നിന്നും 60 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.

പുസ്തകങ്ങളിലും സമ്മാനപ്പൊതികളിലും ലഹരിമരുന്നുകള്‍ വെച്ച് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുവെന്ന വ്യാജേനയാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്ന് സിറ്റി പോലീസ് ജോയന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.

പുസ്തകങ്ങളുടെ താളുകള്‍ വെട്ടിമാറ്റി മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചാണ് വിതരണം ചെയ്തിരുന്നത്. ഡാര്‍ക്ക് നെറ്റ് വഴി ബിറ്റ്കോയിന്‍ ഇടപാടിലൂടെയാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അറിയിച്ചു.

300 എം.ഡി.എം.എ. ഗുളികള്‍, 100 എല്‍.എസ്.ഡി. പേപ്പര്‍ ബ്ലോക്കുകള്‍, 350 ഗ്രാം ചരസ്, ഒന്നര കിലോ ഹൈഡ്രോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.