പെരുമ്പാവൂര്‍: അസം സ്വദേശിയായഅതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അസം ഗിലാമാറ സ്വദേശി രാജു ഫൂക്കാന്‍ (സൂര്യ-25) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. വല്ലത്തെ പ്ലൈവുഡ് കമ്പനിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

മുഖത്തും കഴുത്തിനും കുത്തേറ്റ ദീപ് ജ്യോതി എന്ന തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കമ്പനിയിലെ തൊഴിലാളികളാണ്. കടം നല്‍കിയിരുന്ന പണം തിരികെ നല്‍കാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.പരീത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് കമ്പനി. ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ. ജോസി എം., ജോണ്‍സണ്‍, എസ്. സി.പി.ഒ. മാരായ നൗഷാദ്, നാദിര്‍ഷാ, ജമാല്‍, ജിഞ്ചു കെ. മഞ്ഞായി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.