മലപ്പുറം: കോട്ടയ്ക്കലില്‍ അസം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡനത്തിനിരയാക്കി. അസം സ്വദേശികളായ സ്ത്രീയും പുരുഷനും മലപ്പുറത്ത് എത്തിച്ച 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ അധികൃതര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളായ സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 

പിതാവ് മരണപ്പെട്ട കുട്ടിയെ നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും കോട്ടയ്ക്കലില്‍ എത്തിച്ചത്. എടരിക്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവരുടെ താമസം. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ ആയിരം രൂപയ്ക്ക് നിരവധിപേര്‍ക്ക് കൈമാറിയത്. 

ക്വാര്‍ട്ടേഴ്‌സില്‍ പലരും വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈനിന് വിവരം നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും രണ്ടുദിവസം മുമ്പ് ക്വാര്‍ട്ടേഴ്‌സിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. 

കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയുകയുള്ളൂ. അതിനാല്‍ ഒരു പരിഭാഷകന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കസ്റ്റഡിയിലുള്ള സ്ത്രീയുടെയും പുരുഷന്റെയും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലീസ് അറിയിച്ചു. 

Content Highlights: assam girl molested in kottakkal malappuram, her relatives used her for sex trafficking