നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തൂണേരി കാളിപറമ്പത്ത് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി കോടതിയില്‍ കീഴടങ്ങി. വളയം കാലികൊളമ്പ് മുത്തങ്ങചാലില്‍ പ്രമോദ് (38) ആണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടുകൂടി അസ്ലം വധക്കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. കേസില്‍ 16 പേരാണ് ആകെയുള്ളത്.

രാവിലെ 11 മണിയോടെയാണ് പ്രതി കോടതിയിലെത്തിയത്. അസ്ലം വധക്കേസില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രമോദ് പതിന്നാലാം പ്രതിയാണ്.

കഴിഞ്ഞദിവസം ഗൂഢാലോചനക്കേസിലെ പ്രധാന പങ്കാളി വളയം സുമോഹനെ അറസ്റ്റുചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രമോദ് കോടതിയില്‍ കീഴടങ്ങിയത്. ഒന്നരവര്‍ഷം മുന്‍പ് സുമോഹന്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. എന്നാല്‍, പ്രമോദ് കേരളത്തിന് പുറത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നാദാപുരം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍സമരങ്ങളുമായി യൂത്ത് ലീഗ് രംഗത്തിറങ്ങുന്നതിനിടയിലാണ് അവസാന പ്രതിയും കോടതിയില്‍ കീഴടങ്ങിയത്.

Content highlights: Aslam murder case, Nadapuram, Police, Arrest