കോട്ടയം: അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ.യെ വിജിലന്‍സ് അറസ്റ്റുചെയ്തു. പാലാ രാമപുരം പോലീസ്സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പെരുവ സ്വദേശി കെ.ജെ.ബിജുവിനെയാണ് വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

രാമപുരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിര്‍മിക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കംചെയ്യുന്നതിനാണ് എ.എസ്.ഐ. കൈക്കൂലി വാങ്ങിയത്.

കോവിഡ് കാലയളവില്‍ സ്ഥലം കണ്‍ടെയ്ന്‍മെന്റ് സോണായതിനാല്‍ പാസിന്റെ കാലാവധിക്കുള്ളില്‍ പാറ നീക്കംചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പാറ നീക്കംചെയ്യുന്നതിന് രാമപുരം പോലീസ്സ്റ്റേഷനില്‍ അപേക്ഷ നല്‍കി. പോലീസ് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കിക്കൊള്ളാമെന്നുപറഞ്ഞ് ആദ്യം മൂവായിരം രൂപ വാങ്ങി.

വീണ്ടും അയ്യായിരം രൂപകൂടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥലമുടമ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ 5,000 രൂപ പരാതിക്കാരനില്‍നിന്ന് വാങ്ങുന്നതിനിടെ വിജിലന്‍സ്സംഘം എ.എസ്.ഐ.യെ പിടികൂടുകയായിരുന്നു.

കൈക്കൂലിത്തുക പോലീസുദ്യോഗസ്ഥനില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തു. പ്രതിയെ ബുധനാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥ്, ഇന്‍സ്‌പെക്ടര്‍മാരായ റെജി എം. കുന്നിപ്പറമ്പന്‍, രാജേഷ് കെ.എന്‍., നിസാം എസ്.ആര്‍., സജു എസ്.ദാസ്, മനോജ്കുമാര്‍ കെ.ബി., പ്രശാന്ത്കുമാര്‍ എം.കെ., എസ്.ഐ.മാരായ സന്തോഷ്‌കുമാര്‍ കെ., ഗോപകുമാര്‍, എ.എസ്.ഐ.മാരായ സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ്, അനില്‍കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.