തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു.  

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്. 

Content Highlights: aryanad arun murder case accused wife anju and her lover sreeju arrested by police