മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയ മുംബൈ എന്‍.ഡി.പി.എസ് കോടതി നടത്തിയത് നിര്‍ണായകമായ നിരീക്ഷണങ്ങള്‍. ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ആഡംബര കപ്പലില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്നുണ്ടെന്ന് ആര്യന് അറിയാമായിരുന്നു എന്നുവേണം കരുതാന്‍ എന്നും കോടതി ചൂണ്ടിക്കാട്ടി.

ആര്യന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചാല്‍ ലഹരി ഇടപാടുകാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാണ്. ആറ് ഗ്രാം ചരസ് ആണ് അര്‍ബാസിന്റെ പക്കല്‍ നിന്ന് എന്‍.സി.ബി പിടിച്ചെടുത്തത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യം നല്‍കിയാലും സമാനമായ കുറ്റം ചെയ്യില്ലെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 

ലഹരി മരുന്ന വിതരണം ചെയ്യുന്നവരുമായി ആര്യന് വളരെ അടുത്ത ബന്ധമുണ്ടെന്നതിനും തെളിവുകളുണ്ട്. അര്‍ബാസും ആര്യനും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് നിരവധി യാത്രകളും ചെയ്തിരുന്നു. ആഡംബര കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ ഉപയോഗിക്കുന്നതിനായി ലഹരി കൈയില്‍ കരുതിയിരുന്നത് ഇരുവരും സമ്മതിച്ചിട്ടുണ്ട്. അര്‍ബാസിന്റെ കൈവശം ലഹരിയുണ്ടെന്ന് ആര്യന് അറിയാമായിരുന്നു എന്നുവേണം കരുതാനെന്നും കോടതി പറയുന്നു. 

ആര്യന്റെ വാട്‌സാപ്പ് ചാറ്റുകളില്‍ ലഹരി മരുന്നിനെ കുറിച്ച് പറയുന്നുണ്ട്. ഇത് അത്തരം വ്യാപാരം നടത്തുന്നവരുമായി പ്രതിക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. എല്ലാ പ്രതികളും പരസ്പരം കണ്ണികളാണ്. എന്‍ഡിപിഎസ് ആക്ടിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയുകയുമില്ല. 

ആര്യന് വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് കണ്ണികളുമായി പോലും ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി എന്‍.സി.ബി കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുകയാണെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഉന്നത ബന്ധങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന എന്‍.സി.ബി വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.

Content Highlights: aryan khan was aware of drugs in arbaz merchant`s custody