മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായത്.

കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യല്‍, തെളിവ് ശേഖരിക്കല്‍ എന്നിവയുടെ പ്രാധാന്യം കോടതിയില്‍ എന്‍.സി.ബി വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാന്‍ കോടതി ഉത്തരവിട്ടത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നിര്‍ണായകമായ കണ്ടെത്തലുകള്‍ എന്‍.സി.ബി നടത്തിയിരുന്നു.

 അതേസമയം കസ്റ്റഡിയില്‍ വേണമെന്ന എന്‍.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യന്‍ ഖാന്റെ അഭിഭാഷകന് കഴിയും. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യന്‍ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ല.

ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍.സി.ബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍.സി.ബി ഇപ്പോള്‍ നടത്തുന്നത്.

Content Highlights: Aryan Khan`s bail application rejected, to be in Judicial custody for 14 days