മുംബൈ:  ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ 'മന്നത്തി'ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്റെ നിര്‍ദേശം. കഴിഞ്ഞദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. 

മന്നത്തിലുള്ള ഒരാളെ ഉദ്ധരിച്ചാണ് ഇന്ത്യാടുഡേ ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകന്‍ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സുഹൃത്തുക്കളും മറ്റുള്ളവരും അവരെ വിളിച്ചിരുന്നു. മകന് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് മാത്രമാണ് ഗൗരി ഖാന്‍ എല്ലാവരോടും പറഞ്ഞത്. അത്രയേറെ വിശ്വാസിയല്ലാതിരുന്നിട്ടും ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ എല്ലാദിവസവും പ്രാര്‍ഥിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് ഖാനെ മറ്റു നടന്മാരും സുഹൃത്തുക്കളും ഫോണില്‍ വിളിച്ചിരുന്നു. ആരും മന്നത്തിലേക്ക് വരേണ്ടതില്ലെന്നാണ് ഷാരൂഖ് ഇവരോടെല്ലാം അഭ്യര്‍ഥിച്ചത്. നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് ഷാരൂഖ് വിശ്വസിക്കുന്നതെന്നും ആര്യന്റെ കേസില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സമയം കടന്നുപോകുമെന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയാറുള്ളതെന്നും മന്നത്തില്‍നിന്ന് വിവരങ്ങള്‍ കൈമാറിയ വ്യക്തിയെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20-നാണ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്. ബുധനാഴ്ച ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരൂഖും കുടുംബവും. അതേസമയം, ആര്യന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍.സി.ബി. കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.

Content Highlights: aryan khan ncb drugs case gauri khan says no sweets in mannath