മുംബൈ: ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അനന്യ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഉദ്യോഗസ്ഥരെ അറിയിച്ചു. ചോദ്യംചെയ്യല്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും അഭ്യര്‍ഥിച്ചു. നടിയുടെ ആവശ്യം എന്‍.സി.ബി. അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റൊരു ദിവസം നടിയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും വൈകാതെ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനുമായി അനന്യ പാണ്ഡെ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ എന്‍.സി.ബി. സംഘം കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അനന്യയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളായി അനന്യയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 

കഞ്ചാവ് കിട്ടാന്‍ വഴിയുണ്ടോ എന്നാണ് ആര്യന്‍ അനന്യയോട് ചാറ്റില്‍ ചോദിച്ചിരുന്നത്. താന്‍ സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു നടിയുടെ മറുപടി സന്ദേശം. എന്നാല്‍ ഇതേക്കുറിച്ച് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വെറും തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അനന്യ മറുപടി നല്‍കിയത്. ആര്യന് ലഹരിമരുന്ന് നല്‍കിയിട്ടില്ലെന്നും നടി മൊഴി നല്‍കിയിരുന്നു. ആര്യനൊപ്പം ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. ആര്യന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണ്. ഇരുവരും തന്റെ കുടുംബസുഹൃത്തുക്കളാണെന്നും അതില്‍ കവിഞ്ഞ് മറ്റു ബന്ധങ്ങളില്ലെന്നും അനന്യ ചോദ്യംചെയ്യലില്‍ മറുപടി നല്‍കിയിരുന്നു. 

അതിനിടെ, എന്‍.സി.ബി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടപ്രകാരമാണ് താന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയതെന്ന് സ്വകാര്യ ഡിറ്റക്ടീവും കേസിലെ സാക്ഷിയുമായ കെ.പി. ഗോസാവി വെളിപ്പെടുത്തി. തനിക്ക് സമീര്‍ വാംഖഡെയെ നേരത്തെ അറിയില്ലെന്നും ടി.വിയില്‍ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ഉള്ളടക്കം വായിച്ചതിന് ശേഷമാണ് സാക്ഷിമൊഴിയില്‍ ഒപ്പിട്ടതെന്നും ഗോസാവി പറഞ്ഞു. 

'ആ സമയത്ത് ആര്യന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. മാനേജറുമായി സംസാരിക്കണമെന്ന് പറഞ്ഞ് ആര്യനാണ് അടുത്തേക്ക് വിളിച്ചത്. തുടര്‍ന്ന് മാതാപിതാക്കളെയും മാനേജറെയും ഫോണില്‍ വിളിച്ചുതരാനും ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറാം തീയതി വരെ ഞാന്‍ മുംബൈയിലുണ്ടായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നതോടെയാണ് എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയത്. കപ്പലിലെ റെയ്ഡിന് മുമ്പ് സമീര്‍ വാംഖഡെയെ ടി.വി.യില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹവുമായി ഒരു പരിചയവുമില്ല. നേരത്തെ എന്‍.സി.ബി.യുടെ ഒരു റെയ്ഡിലും ഞാന്‍ പങ്കെടുത്തിട്ടുമില്ല. ഉള്ളടക്കം വായിച്ചതിന് ശേഷമാണ് സാക്ഷിമൊഴിയില്‍ ഒപ്പിട്ടത്. കഴിഞ്ഞദിവസം കൈക്കൂലി ആരോപണം ഉന്നയിച്ച പ്രഭാകറിനെ എനിക്കറിയാം. അദ്ദേഹം എന്റെ കൂടെ ജോലിചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എനിക്കറിയില്ല. ഒക്ടോബര്‍ 11-ാം തീയതി മുതല്‍ പ്രഭാകറുമായി സംസാരിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്റെ ജീവിതം ഇപ്പോള്‍ സുരക്ഷിതമല്ല. പുണെയില്‍ എനിക്കെതിരേ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആ കേസില്‍ ഇപ്പോളാണ് പെട്ടെന്നുള്ള നടപടികള്‍ ആരംഭിച്ചത്. ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. എന്റെ ജീവന് ഭീഷണിയുണ്ട്. ജയിലിലായാല്‍ പോലും അതിനകത്തുവെച്ച് എന്നെ കൊല്ലുമെന്ന് വരെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്'', ഗോസാവി പറഞ്ഞു. 

ലഹരിമരുന്ന് കേസില്‍ കെ.പി. ഗോസാവിയും സമീര്‍ വാംഖഡെയും തമ്മില്‍ പണമിടപാട് നടന്നതായി കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആര്യനെതിരായ കേസ് ഒതുക്കിതീര്‍ക്കാന്‍ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 25 കോടിയുടെ ഇടപാട് നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്നും പ്രഭാകര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ സമീര്‍ വാംഖഡെയ്‌ക്കെതിരേ എന്‍.സി.ബി. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പ്രഭാകറിന്റെ ആരോപണങ്ങള്‍ എന്‍.സി.ബി.യുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു എന്‍.സി.ബി. ഉദ്യോഗസ്ഥരുടെ പ്രതികരണം. ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് സമീര്‍ വാംഖഡെയും പറഞ്ഞു. 

ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ സാക്ഷിപ്പട്ടികയിലുള്ള രണ്ടുപേരാണ് കെ.പി. ഗോസാവിയും പ്രഭാകര്‍ സെയിലും. കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ സ്വകാര്യ ഡിറ്റക്ടീവായ ഗോസാവിയുടെ സാന്നിധ്യം നേരത്തെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ആര്യന്‍ ഖാനൊപ്പമുള്ള ഗോസാവിയുടെ സെല്‍ഫി ചിത്രങ്ങളും വിവാദത്തിന് ആക്കംകൂട്ടി. 

ഗോസാവിയുടെ ബോഡിഗാര്‍ഡായിരുന്നു പ്രഭാകര്‍ സെയില്‍. എന്നാല്‍ കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. വെള്ളപേപ്പറിലാണ് താന്‍ ഒപ്പിട്ട് നല്‍കിയതെന്നും കസ്റ്റഡിയിലെടുത്ത ആര്യന് സംസാരിക്കാനായി ഗോസാവി ഫോണ്‍ നല്‍കിയിരുന്നതായും പ്രഭാകര്‍ പറഞ്ഞിരുന്നു. ഗോസാവിയുടെ ഫോണില്‍ ആര്യന്‍ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

Content Highlights: aryan khan ncb drug case actress ananya pandey wont appear today for interrogation kp gosawi reveals more details