മുംബൈ: ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളാണ് പുറത്തുവരുന്നതെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). കഴിഞ്ഞദിവസം കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഗത ക്രിസ്റ്റിയുടെയും ഷെര്‍ലക് ഹോംസിന്റെയും ഡിറ്റക്ടീവ് നോവലുകള്‍ പോലെയാണ് ഈ കേസെന്നും ഓരോനിമിഷവും പുതിയ ട്വിസ്റ്റുകളാണ് കേസില്‍ സംഭവിക്കുന്നതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വൈത് സേത്‌ന കോടതിയില്‍ പറഞ്ഞു. 

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍(23) അബ്ദുള്‍ ഖാദര്‍ ഷെയ്ഖ്(30) മനീഷ് രാജ്ഗരിയ(26) അവിന്‍ സാഹു(30) എന്നിവരെയാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ഒക്ടോബര്‍ 11 വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടു. 

തിങ്കളാഴ്ച വൈകിട്ടാണ് അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. മുംബൈ ജോഗേശ്വരിയില്‍നിന്ന് പിടികൂടിയ ഇയാളില്‍നിന്ന് മെഫഡ്രോണ്‍ അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിരുന്നു. ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത മൊഹക് ജസ്വാലില്‍നിന്നാണ് അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും എന്‍.സി.ബി. കോടതിയെ അറിയിച്ചു. 

കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രേയസ് നായരില്‍നിന്ന് രണ്ട് ഗ്രാം ചരസ്സ് കണ്ടെടുത്തുവെന്നാണ് എന്‍.സി.ബി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. അബ്ദുള്‍ ഖാദര്‍ ഷെയ്ഖും ശ്രേയസ് നായരും ലഹരിമരുന്ന് വിതരണക്കാരാണെന്നും മനീഷ് രാജ്ഗരിയയും അവിനും കപ്പലിലെ പാര്‍ട്ടിയില്‍ അതിഥികളായി പങ്കെടുത്തവരാണെന്നും എന്‍.സി.ബി.യുടെ റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ ലഹരിമാഫിയ ബന്ധങ്ങളും മറ്റു ഇടപാടുകളും സ്ഥിരീകരിക്കാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും എന്‍.സി.ബി. കോടതിയില്‍ പറഞ്ഞു. 

അതിനിടെ, ഉന്നതരുടെ മുഖങ്ങള്‍ മറയ്ക്കാന്‍ തന്റെ കക്ഷിയെ കേസില്‍ ബലിയാടാക്കുകയാണെന്ന് അബ്ദുള്‍ ഖാദര്‍ ഷെയ്ഖിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്‍.സി.ബി.യുടെ കസ്റ്റഡി അപേക്ഷയെ മറ്റുപ്രതികളുടെ അഭിഭാഷകരും എതിര്‍ത്തു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് നാല് പേരെയും കോടതി കസ്റ്റഡിയില്‍ വിട്ടത്. 

ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരെ ഒക്ടോബര്‍ ഏഴ് വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 

Content Highlights: aryan khan mumbai cruise rave party drugs case ncb says there is new twist in every moment